മാത്യുവിനൊപ്പം മദ്യപിക്കുമ്പോൾ മദ്യത്തിൽ വിഷം കലർത്തി: ജോളിയുടെ വെളിപ്പെടുത്തൽ

single-img
11 October 2019

ഭർത്താവിന്റെ അമ്മാവനായ മാത്യു മഞ്ചാടിയിലിനെ കൊലപ്പെടുത്തിയത് മദ്യത്തിൽ വിഷം കലർത്തി നൽകിയാണെന്ന് കൂടത്തായി കേസിലെ ഒന്നാം പ്രതി ജോളിയുടെ വെളിപ്പെടുത്തൽ. മാത്യുവുമൊത്ത് മദ്യപിക്കുമ്പോഴാണ് മദ്യത്തിൽ സയനൈഡ് കലർത്തി നൽകിയതെന്നും ജോളി പൊലീസിനോട് സമ്മതിച്ചു.

മാത്യു മഞ്ചാടിയിലുമൊത്ത് പലപ്പോഴും മദ്യപിക്കാറുണ്ടായിരുന്നുവെന്നും ജോളി വെളിപ്പെടുത്തിയതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് പൊന്നാമറ്റം വീട്ടിൽ കൊണ്ടുവന്ന് പൊലീസ് നടത്തിയ തെളിവെടുപ്പിനിടെയാണ് ജോളിയുടെ കുറ്റസമ്മതം.

ജോളി ഉള്‍പ്പെടെയുള്ള പ്രതികളുമായി തെളിവെടുപ്പ് തുടരുകയാണ്. ആദ്യ മൂന്ന് കൊലപാതകം നടന്ന പൊന്നാമറ്റം വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടക്കുന്നത്. ജോളിക്കെതിരെ ആക്രോശവുമായി വന്‍ജനക്കൂട്ടം പൊന്നാമറ്റം വീടിന്റെ വഴികളിലും അയല്‍പക്കത്തും തടിച്ചുകൂടി. കര്‍ശനസുരക്ഷയും വിപുലമായ സന്നാഹവും ഒരുക്കിയാണ് തെളിവെടുപ്പ്. 

14 വര്‍ഷത്തിനിടെയാണ് കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ ആറുപേര്‍ സമാന സാഹചര്യങ്ങളില്‍ മരണമടഞ്ഞത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയി, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു സ്കറിയയുടെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെ ഉറ്റബന്ധുവായ ജോളി വര്‍ഷങ്ങളുടെ ഇടവേളകളില്‍ വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു.