ഇന്ത്യയിലെ തൊഴില്‍ സാഹചര്യവും സാമ്പത്തിക സ്ഥിതിയും മോശമാകുന്നു; റിസര്‍വ് ബാങ്ക് സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

single-img
11 October 2019

ഇന്ത്യയിലെ തൊഴില്‍ സാഹചര്യവും സാമ്പത്തിക സ്ഥിതിയും മോശമാകുന്നതായി റിസര്‍വ്വ് ബാങ്കിന്റെ പഠനം. ആര്‍ബിഐ രാജ്യത്തെ 13 പ്രധാന നഗരങ്ങളില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ പങ്കെടുത്തവരില്‍ 52.5 ശതമാനം ആളുകളും തൊഴില്‍ സാഹചര്യത്തെക്കുറിച്ച് രൂക്ഷ വിമര്‍ശനമുയര്‍ത്തി.

2012മുതല്‍ ഇങ്ങോട്ടാണ്‌ രാജ്യത്തെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്ക ഇത്രകണ്ട് വഷളായതെന്നും സര്‍വേ വ്യക്തമാക്കുന്നു. ഭാവിയില്‍ നിലവിലെ സാഹചര്യങ്ങള്‍ ഇതിലും മോശമാകുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 33.4 ശതമാനം പേര്‍ പറയുന്നു. സ്വന്തമായുള്ള വരുമാനം കുറഞ്ഞതായി സര്‍വേയില്‍ പങ്കെടുത്തവരില്‍ 26.7 ശതമാനം ആളുകള്‍ പറയുന്നു.

2017 നവംബര്‍ മാസ ശേഷം വരുമാനത്തില്‍ കുറവ് വന്നതായി വ്യക്തമാക്കിയത് 28 ശതമാനം പേരാണ്. അതേപോലെ തന്നെ തൊഴില്‍ സാഹചര്യത്തിലെ പ്രശ്‌നങ്ങള്‍ വീടുകളിലെ അന്തരീക്ഷത്തെ ബാധിച്ചതായി സര്‍വേയില്‍ പങ്കെടുത്ത 47.9 ശതമാനം ആളുകള്‍ പറയുന്നു. ഇന്ത്യയുടെ മൊത്തം സാമ്പത്തികാവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 47.9 പേരും അഭിപ്രായപ്പെട്ടു.

2013ലാണ് ഇതിന് മുന്‍പ് രാജ്യത്തെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് ഇത്രയും ആളുകള്‍ ആശങ്ക പ്രകടിപ്പിച്ചത്. ഇനിയുള്ള വര്‍ഷങ്ങളിലും സാമ്പത്തികാവസ്ഥ കാര്യമായി മെച്ചപ്പെടില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 38.6 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു.