ഐഎഎസ് ഉദ്യോഗസ്ഥയോട് കടുത്ത പ്രേമം; ഭർത്താവിനെ കുരുക്കാൻ കാറിൽ ഹാഷിഷ് ഒളിപ്പിച്ചു വെച്ചു: സിഐഎസ്എഫ് കമാൻഡന്റ് അറസ്റ്റിൽ

single-img
11 October 2019

ഡൽഹി: വനിതാ ഐഎഎസ് ഓഫീസറോടുള്ള പ്രേമം കാരണം അവരുടെ ഭർത്താവിനെ കുരുക്കാൻ കാറിൽ മയക്കുമരുന്ന് ഒളിപ്പിച്ച് വെച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വിദേശകാര്യ മന്ത്രാ‍ലയത്തിന്റെ സുരക്ഷാ വിഭാഗം ഡയക്ടർ ആയ സിഐഎസ്എഫ് കമാൻഡന്റ് രഞ്ജൻ പ്രതാപ് സിങിനെ (45) ആണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

രാ‍ജസ്ഥാൻ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥയുടെ ഭർത്താവിന്റെ കാറിലാണ് രഞ്ജൻ പ്രതാപ് സിങ് 550 ഗ്രാം ചരസ് ഒളിപ്പിച്ചു വെച്ചത്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ (Ministry of Electronics and Information Technology -MeitY) കൺസൾട്ടന്റായി ജോലി ചെയ്യുന്ന ഇവരുടെ ഭർത്താവിന്റെ കാർ പ്രഗതി വിഹാറിലുള്ള തങ്ങളുടെ വസതിയുടെ മുന്നിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.

തന്റെ സുഹൃത്തും അഭിഭാഷകനുമായ നീരജ് ചൌഹാന്റെ സഹായത്തോടെ അലിഗഡിൽ നിന്നും സംഘടിപ്പിച്ച ചരസ്(ഹാഷിഷ്) ലജ്പത് നഗറിലുള്ള കീ മേക്കറുടെ സഹായത്തോടെ കാർ തുറന്ന ശേഷമാണ് രഞ്ജൻ കാറിൽ ഒളിപ്പിച്ചത്. അതിന് ശേഷം അരബിന്ദോ മാർഗിലുള്ള ഒരു പഴക്കച്ചവടക്കാരന്റെ മൊബൈൽ കടം വാങ്ങി സിഐഎസ്എഫ് ഡിഐജിയെ വിളിച്ച് സിജിഒ കോമ്പ്ലക്സിലുള്ള ഇലക്ട്രോണിക്സ് നികേതനു പുറത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ഒരു കാർ പാർക്ക് ചെയ്തിരിക്കുന്നതായി വിവരം നൽകുകയും ചെയ്തു.

എന്നാൽ സ്ഥലത്തെത്തി പരിശോധന നടത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരോട് കാറുടമ സഹകരിക്കുകയാണുണ്ടായത്. കാറിൽ മൂന്നു വ്യത്യസ്ത സ്ഥലങ്ങളിലായി ( മാറ്റിനടിയിൽ, ഡാഷ് ബോർഡ്, ഡിക്കി) മൂന്നു പാക്കറ്റുകളിൽ മയക്കുമരുന്ന് സൂക്ഷിച്ചത് വിചിത്രമായി തോന്നിയതിനെത്തുടർന്നാണ് ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. സിഐഎസ്എഫ് ഡിഐജിയുടെ മൊബൈൽ ഫോണിലേയ്ക്ക് നേരിട്ടുവന്ന കോളും സംശയത്തിനിടയാക്കി. തുടർന്ന് കോൾ വന്ന മൊബൈലിന്റെ ഉടമയായ പഴക്കച്ചവടക്കാരനെ ചോദ്യം ചെയ്തപ്പോൾ രഞ്ജനും സുഹൃത്തും വന്ന കാറിന്റെ വിവരങ്ങൾ പൊലീസിനു ലഭിച്ചു. സിസിടിവി ദൃശ്യങ്ങളിൽ സൈഡ് മിറർ പൊട്ടിയ, വിൻഡോ കർട്ടൻ ഇട്ട എസ്എക്സ് 4 കാറിലാണ് ഇവർ വന്നതെന്ന് പൊലീസിന് മനസിലായി. കാറിൽ വിദേശകാര്യമന്ത്രാലയത്തിന്റെ സ്റ്റിക്കർ കൂടി കണ്ടതോടെ ആളെ എളുപ്പത്തിൽ കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചു.

ഇരുപതുവർഷം മുന്നേ സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കാലം മുതലേ രഞ്ജൻ പ്രതാപ് സിങിന് ഈ വനിതാ ഉദ്യോഗസ്ഥയെ പരിചയമുണ്ട്. ഉത്തരാഖണ്ഡിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷനിൽ നാലു മാസത്തെ ഫൌണ്ടേഷൻ കോഴ്സിന് ഇവർ രണ്ടുപേരും ഒരുമിച്ചുണ്ടായിരുന്നു. അവരോട് തനിക്ക് “വൺവേ” പ്രേമം ഉണ്ടായിരുന്നുവെന്നും അവർ മറ്റൊരാളെ വിവാഹം കഴിച്ചതിൽ താൻ അസന്തുഷ്ടനായിരുന്നുവെന്നും സിങ് പൊലീസിനോട് പറഞ്ഞു.

വിവാഹത്തിന് ശേഷവും അവരുമായി സൌഹൃദം തുടർന്നിരുന്നെങ്കിലും ഈയടുത്തായി തുടർച്ചയായി കോളുകൾ ചെയ്യുന്നതിൽ നിന്നും അവർ തന്നെ വിലക്കിയതാണ് ഇത്തരമൊരു കൃത്യത്തിന് തന്നെ പ്രേരിപ്പിച്ചതെന്നും രഞ്ജൻ പൊലീസിനോട് പറഞ്ഞു.

Content Highlights: CISF commandant plants drugs in IAS officer’s husband’s car, held