ഉന്നാവോ കേസ്: ബിജെപി മുന്‍ എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു; ലഭിക്കാവുന്ന പരമാവധി ശിക്ഷ ജീവപര്യന്തം

single-img
11 October 2019

വിവാദമായ ഉന്നാവോ ലൈംഗികാക്രമണക്കേസില്‍ ബിജെപിയുടെ മുന്‍ എംഎല്‍എ കുല്‍ദീപ് സങ് സെന്‍ഗാറിനെതിരെ കേസ് അന്വേഷിച്ച സിബിഐ ദല്‍ഹി കോടതില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2017-ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കേസില്‍ തുടര്‍ വാദം ചൊവ്വാഴ്ച നടക്കും.

മുഖ്യ പ്രതിയായ സെന്‍ഗാറിനു പുറമേ നരേഷ് തിവാരി, ബ്രിജേഷ് യാദവ്, ശുഭം സിങ് എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, വിവാഹത്തിനു നിര്‍ബന്ധിക്കുക, കൂട്ടബലാത്സംഗം, പോക്‌സോ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജീവപര്യന്തമാണ് ഇതുവഴി ലഭിക്കുന്ന പരമാവധി ശിക്ഷ.

‘സംഭവം നടക്കുന്ന 2017 ജൂണ്‍ 11-ാം തീയതി രാത്രി പെണ്‍കുട്ടി വെള്ളമെടുക്കാനായാണു പുറത്തേക്കു വന്നത്. ഈ സമയം പ്രധാന പ്രതിയായ സെന്‍ഗാറും മറ്റു മൂന്നുപേരും പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റുകയായിരുന്നു. വാഹനം കുറച്ചുദൂരം പോയശേഷം സെന്‍ഗാര്‍, തിവാരി എന്നിവര്‍ ലൈംഗികമായി ആക്രമിക്കുകയായിരുന്നു.

പിന്നീട് ഇവര്‍ കാന്‍പുരിലെ ഒരു വീട്ടിലേക്കു പോയി. അവിടെ ഉണ്ടായിരുന്ന രണ്ട് അജ്ഞാതരായ വ്യക്തികള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ചു. തുടര്‍ന്ന് രണ്ട്-മൂന്നു ദിവസത്തിനു ശേഷം പെണ്‍കുട്ടിയെ യാദവിന്റെ വീട്ടിലേക്കു കൊണ്ടുപോയി.അവിടെയും ലൈംഗികാക്രമണം നടന്നു. വീണ്ടും രണ്ടു ദിവസത്തിനു ശേഷം കുട്ടിയെ ഔറിയയിലേക്കു കൊണ്ടുപോയി. അവിടെനിന്നാണ് ഇരയായ പെണ്‍കുട്ടിയെ പോലീസിനു ലഭിക്കുന്നത്.’- കുറ്റപത്രത്തില്‍ പറയുന്നു.

അതേസമയം ജൂണ്‍ 11-നാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന പെണ്‍കുട്ടിയുടെ വാദം സിബിഐ തള്ളി. പെണ്‍കുട്ടി പറയുന്ന ദിവസം സെന്‍ഗാറും തിവാരിയും സ്ഥലത്തുണ്ടായിരുന്നില്ലെന്നും അതിനാല്‍ ജൂണ്‍ 12-നാണ് തട്ടിക്കൊണ്ടുപോകല്‍ ഉണ്ടായതെന്നാണ് സിബിഐ പറയുന്നത്. നിലവില്‍ കേസില്‍ 103 സാക്ഷികളാണുള്ളത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം ഇവരെ ദല്‍ഹിയിലേക്കു മാറ്റിയിട്ടുണ്ട്.

അതിക്രമത്തിന്‌ ഇരയായ പെണ്‍കുട്ടിയുടെ വാഹനം ഈ വര്‍ഷം അപകടത്തില്‍പ്പെട്ട കേസിലും കുറ്റപത്രം സമര്‍പ്പിച്ചു. ഈ അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ടു ബന്ധുക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സെന്‍ഗാറിനെ പ്രതി ചേര്‍ത്തിട്ടുണ്ടെങ്കിലും കൊലക്കുറ്റം ചുമത്തിയിട്ടില്ല.