യുപിയില്‍ മലിനജലം കുടിച്ച് പത്തുവയസുകാരി മരിച്ചു; 85 പേര്‍ ആശുപത്രിയില്‍

single-img
11 October 2019

യുപിയിലെ ബള്ളിയയില്‍ മലിനജലം കുടിച്ച് പത്തുവയസുകാരി മരിച്ചു. 85 പേര്‍ ദേഹാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ നിലവിൽ 9 പേരുടെ നില ഗുരുതരമാണെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്. ബള്ളിയയ്ക്ക് സമീപം നാഗ്പൂര്‍ എന്ന ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.

പ്രദേശവാസികളായ കുടുംബങ്ങള്‍ സ്ഥിരമായി വെള്ളമെടുക്കുന്നത് ഒരു പൊതുടാങ്കില്‍ നിന്നായിരുന്നു. ഇപ്പോഴും ഇതിലെ വെള്ളം കുടിച്ചതിനെ തുടര്‍ന്നാണ് എണ്‍പതിലധികം പേര്‍ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയത്. അതേസമയം, വെള്ളത്തില്‍ നിന്നുള്ള അണുബാധയെത്തുടര്‍ന്നാണ് പത്തുവയസുകാരി മരിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. പി കെ മിശ്ര സ്ഥിരീകരിച്ചു.

അസ്വസ്ഥതകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എല്ലാവരും ഒരേ വെള്ളമാണ് കുടിച്ചിട്ടുള്ളെന്നും ഡോക്ടര്‍ അറിയിച്ചതോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഗ്രാമത്തിലെത്തി. അധികൃതരുടെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം വെള്ളം വിശദപരിശോധനയ്ക്ക് ലാബിലേക്ക് അയച്ചു.

യുപിയിൽ മൂന്നുമാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് മലിനജലം കുടിച്ചതിനെ തുടര്‍ന്ന് മരണം സംഭവിക്കുന്നത്.കഴിഞ്ഞ ജൂലൈ മാസത്തിൽ അലിഗഡിലെ ഒരു സ്‌കൂളില്‍ മലിനജലം കുടിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ മരിക്കുകയും 52 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.