പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ഹൈക്കോടതി

single-img
10 October 2019

കൊച്ചി: പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ഹൈക്കോടതി. കോടതിയുടെ ഇടക്കാല ഉത്തരവിലാണ് നിര്‍ദേശം. പാലം പൊളിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് സ്ട്രക്ചറല്‍ ആന്‍ഡ് ജിയോ ടെക്നിക്കല്‍ കണ്‍സള്‍ട്ടിങ് എന്‍ജിനിയേഴ്സും ഇതിന്റെ മുന്‍ പ്രസിഡന്റ് അനില്‍ ജോസഫും നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
വിദഗ്ദ്ധരുമായി ആലോചിച്ച് ലോഡ് ടെസ്റ്റ് നടത്തുന്നതില്‍ സര്‍ക്കാര്‍ തീരുമാനം അറിയിക്കണം. ഇക്കാര്യത്തില്‍ രണ്ടാഴ്ച്ചക്കകം മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

മേല്‍പ്പാലം അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാന്‍ കഴിയുമോയെന്നു പരിശോധിക്കാതെ പൊളിക്കാനുള്ള തീരുമാനം തടയണം, സമയബന്ധിതമായി ലോഡ് ടെസ്റ്റ് നടത്താന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കണം,അറ്റക്കുറ്റപ്പണി നടത്തിയാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ചെന്നൈ ഐഐടിയുടെ പഠന റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് ് പാലം പൊളിക്കാനൊരുങ്ങുന്നതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഹര്‍ജി തീര്‍പ്പാകുംവരെ പാലം പൊളിച്ചുപണിയാനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.