കശ്മീര്‍ വിഷയത്തില്‍ ചൈനയുടെ നിലപാടില്‍ ഇന്ത്യ അതൃപ്തി അറിയിച്ചു

single-img
10 October 2019

ഡല്‍ഹി: ജമ്മുകശ്മീര്‍ വിഷയത്തില്‍ ചൈനയുടെ നിലപാടില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തിയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കശ്മീര്‍ വിഷയം ഐക്യ രാഷ്ട്രസഭ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ പരിഹരിക്കണം എന്നായിരുന്നു ചൈനയുടെ നിലപാട്. രണ്ടാമത് ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടി നാളെ നടക്കാനിരിക്കെയാണ് ഭിന്നത പരസ്യമാകുന്നത്.

കശ്മീരില്‍ ഏകപക്ഷീയ നടപടി പാടില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയത്തില്‍ ആരും ഇടപെടേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അതിന് മറുപടി നല്‍കി

ഒക്ടോബര്‍ 11 മുതല്‍ 13 വരെയാണ് മോദി-ചിന്‍പിങ് കൂടിക്കാഴ്ച. കശ്മിരിലെ നടപടി ഷി ചിന്‍പിങ് ഉന്നയിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിക്കും. ഭിന്നതകള്‍ക്കിടയിലും പരസ്പര വിശ്വാസം വളര്‍ത്താനുള്ള പരമാവധി നടപടികള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്യുമെന്ന് ഇന്ത്യയും ചൈനയും വ്യക്തമാക്കി.ചൈന്നൈ മഹാബലിപുരത്താണ് മോദി-ഷി ജിന്‍ പിങ് അനൗദ്യോഗിക ഉച്ചകോടി നടക്കുക.