കോടതികളോട് ബഹുമാനക്കുറവ്; സഞ്ജീവ് ഭട്ടിന്റെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളാനുള്ള കാരണങ്ങള്‍ അറിയാം

single-img
10 October 2019

മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനെതിരെ രൂക്ഷമായ ഭാഷയില്‍ നിരീക്ഷണം നടത്തി ഗുജറാത്ത് ഹൈക്കോടതി. കസ്റ്റഡി മരണക്കേസില്‍കോടതി വിധിച്ച ശിക്ഷ ഒഴിവാക്കാനായി സഞ്ജീവ് ഭട്ട് നല്‍കിയ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഇതിന് കാരണമായി, കോടതികളോട് സഞ്ജീവിന് ബഹുമാനക്കുറവുണ്ടെന്നായിരുന്നു ജസ്റ്റിസുമാരായ ബെല എം ത്രിവേദി, എ സി റാവു എന്നിവരടങ്ങിയ ബെഞ്ചിന്റെ ഒരു നിരീക്ഷണം.

മാത്രമല്ല, സഞ്ജീവിനു നല്‍കിയ ശിക്ഷയില്‍ സംതൃപ്തിയുണ്ടെന്നും കോടതി പറഞ്ഞു. വിചാരണയ്ക്കിടെ കോടതിയെ വഴിതെറ്റിക്കാന്‍ സഞ്ജീവ് മനഃപൂര്‍വമായ ശ്രമം നടത്തിയെന്നും അതുകൊണ്ട് അദ്ദേഹത്തിന് ആശ്വാസം നല്‍കുന്ന നടപടിയെടുക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.മുൻപ് ഇതേ കാര്യം പറഞ്ഞുകൊണ്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണവും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 1990 നവംബറിലായിരുന്നു ജംജോധ്പുര്‍ സ്വദേശിയായ പ്രഭുദാസ് വൈഷ്ണവി എന്നയാളെ കസ്റ്റഡിയില്‍ വെച്ച് കൊലപ്പെടുത്തിയെന്ന കേസ് വരുന്നത്. ഇതിൽ ജീവപര്യന്തം തടവാണ് അദ്ദേഹത്തിന് ജാംനഗര്‍ സെഷന്‍സ് സെഷന്‍സ് കോടതി വിധിച്ചത്.

എന്നാൽ കോടതി നടത്തിയ വിചാരണയില്‍ പിഴവുകളുണ്ടായെന്നു സഞ്ജീവിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി ബി നായിക് ഹൈക്കോടതിയോട് പറഞ്ഞു. ഇന്ത്യൻക്രിമിനല്‍ നടപടിച്ചട്ടം പ്രകാരം സെക്ഷന്‍ 197 അനുസരിച്ച് സര്‍ക്കാരിന്റെ അനുമതിയോടു കൂടി മാത്രമേ വിചാരണ നടത്താന്‍ കഴിയൂ എന്നും അത് സെഷന്‍സ് കോടതി ചെയ്തിട്ടില്ലെന്നും കാണിക്കുന്ന രേഖകള്‍ നായിക് കോടതിയില്‍ സമര്‍പ്പിച്ചു. ഇതോടൊപ്പം
സഞ്ജീവിനെതിരായ ആരോപണങ്ങള്‍ ശരിയാണോയെന്ന് ഉറപ്പിക്കാന്‍ സാക്ഷിമൊഴികള്‍ പ്രോസിക്യൂഷന്‍ വിശദമായി പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, ചില താത്പര്യമുള്ള സാക്ഷികളെ മാത്രമാണു കോടതിയില്‍ ഹാജരാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, രണ്ട് പതിറ്റാണ്ടു കാലം സഞ്ജീവ് കോടതിയുടെ വിചാരണ തടസ്സപ്പെടുത്തിയെന്നും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവ് വന്നതിനു ശേഷം മാത്രമാണു വിചാരണ നടന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ മിതേഷ് അമിന്‍ വാദിച്ചു. കേസിൽ എല്ലാ സാക്ഷികളെയും ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിഎച് പി നടത്തിയ രാജ്യവ്യാപക പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടര്‍ന്നാണ് 1990-ല്‍ പ്രഭുദാസ് അടക്കം 133 പേരെ സഞ്ജീവ് കസ്റ്റഡിയിലെടുത്തത്. ഇതിൽ പ്രഭുദാസ് കസ്റ്റഡിയില്‍ വെച്ചു മരിക്കുകയായിരുന്നു. ഇയാളുടെ വൃക്ക പ്രവര്‍ത്തനക്ഷമമാകാത്തതിനെത്തുടര്‍ന്നായിരുന്നു മരണം എന്ന് ആദ്യം കണ്ടെത്തിയെങ്കിലും പിന്നീട് അത് കസ്റ്റഡി മരണമായി മാറുകയായിരുന്നു.