വ്യത്യസ്ത മതത്തിലുള്ളവര്‍ കിടക്ക പങ്കിടുന്ന പരിപാടി; സംസ്കാരത്തിന് എതിര്;ബിഗ്‌ ബോസ് സംപ്രേഷണം നിര്‍ത്തണമെന്ന് ബിജെപി എംഎല്‍എ

single-img
10 October 2019

ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ്ബോസ് രാജ്യത്തിന്‍റെ സംസ്‌ക്കാരത്തിനെതിരാണെന്നും വ്യത്യസ്ത മതത്തിലുള്ളവര്‍ കിടക്ക പങ്കിടുന്ന പരിപാടിയുടെ സംപ്രേഷണംഎത്രയും പെട്ടെന്ന നിര്‍ത്തി വയ്ക്കണമെന്നും ആവശ്യവുമായി ബിജെപി എംഎല്‍എ കിഷോര്‍ ഗുജ്ജര്‍ വാര്‍ത്ത പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറിന് കത്തയച്ചു. ഗാസിയബാദില്‍ നിന്നുള്ള എംഎല്‍എയാണ് കിഷോര്‍ ഗുജ്ജര്‍.

ഈ പരിപാടിയില്‍ നടക്കുന്നത് ലൈംഗികതയുടെ അതിപ്രസരമാണ്. നമ്മുടെ കുടുംബങ്ങള്‍ക്ക് കാണാന്‍ പറ്റുന്ന ഒരുപരിപാടിയല്ലിത്. ഒരുഭാഗത്ത് നമ്മുടെ പ്രധാനമന്ത്രി രാജ്യത്തിന്റെ മഹത്വം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ശ്രമിക്കുമ്പോള്‍ ഇതുപോലുള്ള പരിപാടികള്‍ രാജ്യത്തിന്റെ സംസ്‌ക്കാരത്തിന് കളങ്കമുണ്ടാക്കുന്നു. സമൂഹത്തിലെ കുട്ടികളും പ്രായപൂര്‍ത്തിയാവാത്തവരും ഇത്തരം പരിപാടികള്‍ യഥേഷ്ടം കാണുന്നുണ്ട്.

നെറ്റിലൂടെയും ഇത് ലഭ്യമാണ്. അതിനാല്‍ ഇത് നിരോധിക്കണമെന്നും ഇത്തരം പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് സെന്‍സര്‍ ചെയ്യേണ്ടതുണ്ടെന്നും കിഷോര്‍ പറഞ്ഞു. സമാനമായി ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളായ ആമസേണിനെതിരേയും നെറ്റ്ഫ്ളിക്സിനെതിരേയും സംഘപരിവാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മുന്‍പ് ബ്രാഹ്മിണ്‍ മഹാസഭയും ബിഗ്ബോസിനെതിരെ രംഗത്തു വന്നിരുന്നു. ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ് പരിപാടിയുടെ അവതാരകന്‍.