മന്ത്രി ജി സുധാകരന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

single-img
9 October 2019

മന്ത്രി ജി സുധാകരൻ തന്റെ പ്രസംഗത്തിലൂടെ മോശം പരാമർശം നടത്തിയെന്ന പരാതിയിൽ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഉപതെരഞ്ഞെടുപ്പിൽ അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന്‍റെ ചീഫ് ഇലക്ഷൻ ഏജന്‍റിന്‍റെ പരാതിയെത്തുടർന്ന് വിഷയത്തില്‍ ഡിജിപിയിൽനിന്നും ജില്ലാ കളക്ടറിൽനിന്നും റിപ്പോർട്ട് തേടിയിരുന്നു.

ഇവയ്ക്കെല്ലാം പുറമേ സാഹചര്യം വിശദീകരിച്ച് മന്ത്രിയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നിവേദനം നൽകിയിരുന്നു. ഇതെല്ലാം പരിശോധിച്ചശേഷമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പരാതിയിൽ തീർപ്പുകൽപ്പിച്ചത്. മണ്ഡലത്തിലെ യോഗത്തില്‍ മന്ത്രി ജി സുധാകരന്‍ തന്നെ പൂതന എന്ന് വിളിച്ച് ആക്ഷേപിച്ചെന്നായിരുന്നു അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍റെ ആരോപണം.

തൈക്കാട്ടുശേരിയില്‍ നടന്ന കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു ജി സുധാകരന്‍ പറഞ്ഞത്. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു ഡി എഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി സുധാകരന്‍ ആരോപിച്ചിരുന്നു.

പരാതിയില്‍, ലഭ്യമായ റിപ്പോര്‍ട്ടുകളും വീഡിയോയും പരിശോധിച്ചതിന് പിന്നാലെ മന്ത്രി ആരെയും പേരെടുത്ത് പറഞ്ഞല്ല പരാമർശം നടത്തിയതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

മന്ത്രി നടത്തിയത് ദുരുദ്ദേശത്തോടെ നടത്തിയ പരാമർശമല്ല. അതുകൊണ്ട് തന്നെ മന്ത്രി പെരുമാറ്റച്ചട്ടലംഘനം നടത്തിയിട്ടില്ല എന്ന നിഗമനത്തിലാണ് എത്തുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.