പിവി സിന്ധു പോരാട്ട വീര്യത്തിന്റെ മറുപേര്: മുഖ്യമന്ത്രി

single-img
9 October 2019

ഇക്കുറി ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്പിലെ കിരീടം രാജ്യത്ത് എത്തിച്ച പിവി സിന്ധുവിനെ ആദരിച്ച് കേരളം. കേരളാ കായികവകുപ്പും കേരളാ ഒളിംപി‌ക്‌സ് അസോസിയേഷനും സംയുക്തമായി സിന്ധുവിന് ഒരുക്കിയ സ്വീകരണം തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ നടന്നു. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. സിന്ധു ഇന്ത്യയുടെ അഭിമാനമാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ലോക ചാംപ്യന്‍ഷിപ്പ് വിജയം പിവി സിന്ധുവിനെ കുറിച്ച് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. അങ്ങിനെയുള്ള പ്രതീക്ഷകളെല്ലാം കാത്തുസൂക്ഷിക്കാന്‍ സിന്ധുവിന് സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചരിത്രനേട്ടം സ്വന്തമാക്കിയ സിന്ധുവിന് എല്ലാവിധ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മുൻപ് രണ്ട് ഫൈനലുകളില്‍ പരാജയപ്പെട്ടപ്പോള്‍ സിന്ധുവിന് നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു.

പക്ഷെ ആത്മവിശ്വാസം കൈവിടാതെ സിന്ധു പോരാടി. തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെ പോലും ഇന്ധനമാക്കിയാണ് സിന്ധു കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിച്ചത്. പോരാട്ട വീര്യത്തിന്റെ മറുപേരാണ് സിന്ധു. അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു സിന്ധു ലോക ചാംപ്യന്‍ഷിപ്പില്‍ നടത്തിയത്.” – പിണറായി വിജയന്‍ പറഞ്ഞു.

പരിപാടിയില്‍ സിന്ധുവിന് കേരളത്തിന്റെ ആദര സൂചകമായുള്ള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. സംസ്ഥാനം നല്‍കിയ ആദരത്തിന് സിന്ധു നന്ദി രേഖപ്പെടുത്തി. വരുന്ന ടോക്കിയോ ഒളിംപിക്‌സിൽ സ്വർണം നേടുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും സിന്ധു പറഞ്ഞു.

ഈ മാസം സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന ബാഡ്‍മിന്റൺ ലോക ചാംപ്യൻഷിപ്പിലാണ് സിന്ധു കിരീടം നേടിയത്. ബാഡ്‍മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പില്‍ വിജയിയാകുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു.