ഇന്ത്യ ഓർമിക്കാൻ മടിക്കുന്ന രക്തരൂഷിത യുദ്ധമായ ‘ഓപ്പറേഷൻ പവൻ’ നടന്നിട്ട് മുപ്പത്തിരണ്ട് വർഷങ്ങൾ

single-img
9 October 2019

അതെ, അങ്ങിനെയും ഒരു ഭൂതകാലമുണ്ട് നമുക്ക്. ‘ഓപ്പറേഷൻ പവൻ’ എന്ന പേര് ഇന്ത്യൻ സൈനികചരിത്രത്തിലെ യുദ്ധങ്ങളുടെ പട്ടികയിൽ അഭിമാനപൂർവം സ്മരിക്കാൻ ഇന്നും മടികാണിക്കുന്ന, ചിലപ്പോൾ, മറക്കാൻ വരെ ആളുകൾ ആഗ്രഹിക്കുന്ന, രക്തരൂഷിതമായ ഒരു യുദ്ധത്തിന്റെ ഓർമയാണ്.

അതിന്റെ ചരിത്രം ഇങ്ങിനെയാണ്‌- ശ്രീലങ്കയുടെ വടക്കൻ ഭാഗങ്ങളിൽ തിങ്ങിപ്പാർക്കുന്ന തമിഴ്വംശജരുടെ സംരക്ഷണത്തിനായി, പ്രസിഡന്റ് ജയെവർധനെയുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട്, അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് ഇത്തരത്തിൽ ഒരു ഓപ്പറേഷനുള്ള അനുമതി സൈന്യത്തിന് നൽകുന്നത്.ശ്രീലങ്കയിലെ സിംഹളരും, തമിഴ്‌വംശജരും, ശ്രീലങ്കൻ സർക്കാരും, ഇന്ത്യൻ നയതന്ത്രജ്ഞരും ഒക്കെ ഇടപെട്ടുനടന്ന ചർച്ചകൾക്കൊടുവിൽ രൂപം കൊണ്ടതാണ് ഇന്തോ ശ്രീലങ്കാ അക്കോർഡ് എന്ന ഉടമ്പടി.

ഈ കരാറിൽ വിഭാവനം ചെയ്യപ്പെട്ടിരുന്ന പ്രവർത്തനങ്ങൾക്ക് കരുത്തുപകരാനായി രാജീവ് ഗാന്ധി, സൈന്യത്തിന്റെ 4, 36, 54 ഡിവിഷനുകളിൽ നിന്ന് ജവാന്മാരെയും ഓഫീസർമാരെയും നിയോഗിച്ച് ഇന്ത്യൻ പീസ് കീപ്പിംഗ് ഫോഴ്‌സ് (IPKF) രൂപീകരിക്കുന്നു. 20,000 സൈനികർ ആയിരുന്നു ആ ദൗത്യ സേനയുടെ അംഗബലം.ശ്രീലങ്കയിലെ സമാധാനത്തിന്റെ സ്ഥാപനമായിരുന്നു IPKF-ന്റെ അവതാരോദ്ദേശ്യം.

ധാരണ പ്രകാരം വടക്കൻ പ്രവിശ്യകളിൽ നിന്ന് ശ്രീലങ്കൻ സൈന്യം പിന്മാറുന്ന മുറയ്ക്ക് പുലികളും മറ്റുള്ള ഭീകരസംഘടനകളും IPKF -നു മുന്നിൽ ആയുധം വെച്ച് കീഴടങ്ങും എന്നും, പതുക്കെ സിലോണിലെ സാഹചര്യം തിരികെ സമാധാനത്തിലേക്ക് എത്തിച്ചേരും എന്നുമായിരുന്നു സങ്കൽപം. പ്രതീക്ഷിച്ചത് സംഭവിച്ചില്ല എന്ന് മാത്രമല്ല, പുലികൾ വാക്കുമാറി. അവർ സേനയ്ക്ക് നിരുപാധികം കീഴടങ്ങാൻ തയ്യാറായില്ല. അങ്ങിനെ IPKF -LTTE എന്നീ കക്ഷികൾക്കിടയിൽ തുറന്ന പോരാട്ടം നടക്കുന്ന അവസ്ഥയായി മാറി. എളുപ്പമായിരുന്നില്ല ഇന്ത്യൻ സൈനികരെ സംബന്ധിച്ചിടത്തോളം ശ്രീലങ്കൻ മണ്ണിലെ യുദ്ധം.

പരിചയമില്ലാത്ത രാജ്യത്ത്, തങ്ങളെ വെറുപ്പോടെ കാണുന്ന, ശത്രുപക്ഷത്തെ തുണയ്ക്കുന്ന തദ്ദേശീയർക്കിടയിൽ നിന്നു കൊണ്ട് ജാഫ്‌നയെ മോചിപ്പിക്കുക എന്നാൽ ഏതാണ്ട് അസാധ്യമെന്നുതന്നെ പറയാവുന്ന ഒരു ഓപ്പറേഷനായിരുന്നു. ആ ഘട്ടത്തിലാണ് 1987 ഒക്ടോബർ 9 -ന് സൈന്യം ഓപ്പറേഷൻ പവൻ ആരംഭിക്കുന്നത്. പതിനാല് ദിവസത്തോളം നീണ്ടു നിന്ന പൊരിഞ്ഞ പോരാട്ടത്തിൽ IPKF-ന്റെ നിരവധി സൈനികർക്ക് ജീവാപായമുണ്ടായി.

ആരംഭത്തിൽ തന്നെ സൈന്യം LTTE നിയന്ത്രണത്തിലായിരുന്ന താവടിയിലെ റേഡിയോ സ്റ്റേഷൻ, കോക്കുവിലിലെ ടിവി സ്റ്റേഷൻ തുടങ്ങിയവ പിടിച്ചെടുക്കുകയും, രണ്ട് ഓഫ്സെറ്റ് പ്രസ്സുകൾ തകർക്കുകയും ചെയ്തു. അങ്ങിനെ ഇരുനൂറു പുലികളും ആ പോരാട്ടത്തിൽ അറസ്റ്റിലായി. പക്ഷെ 2500 -ലധികം തമിഴ് പുലികളാണ് ജാഫ്‌നയിൽ നിന്ന് തുരത്താനുണ്ടായിരുന്നത്. തുടർന്ന് സൈന്യം നേരിട്ടിരുന്ന പ്രശ്നം വളരെ വലുതായിരുന്നു.പ്രദേശ വാസികളായ പാവപ്പെട്ട നാട്ടുകാരെയും, LTTE -യുടെ പരിശീലനം സിദ്ധിച്ച പോരാളികളെയും തമ്മിൽ വേർതിരിച്ചറിയാൻ വലിയ പ്രയാസമായിരുന്നു.

അവിടെ എണ്ണത്തിൽ പുലികളെക്കാൾ ഏറെ അധികമുണ്ടായിരുന്നു IPKF സൈനികർ എങ്കിലും ജാഫ്‌നയിലെ രാവണൻ കോട്ടപോലെ ജടിലമായ തെരുവുകളിൽ അവർ എളുപ്പത്തിൽ ലാൻഡ് മൈനുകൾക്കും, പുലികളുടെ സ്നൈപ്പർ അറ്റാക്കുകൾക്കും ഇരയായിക്കൊണ്ടിരുന്നു. അവസാനം പതിനാറു ദിവസം നീണ്ട ആക്രമണം അവസാനിച്ചപ്പോൾ 214 ഇന്ത്യൻ സൈനികർക്ക് സ്വന്തം ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ഇതിൽ സൈന്യത്തിലെ രക്തസാക്ഷികളിൽ രണ്ടു കേണൽമാർ അടക്കം, 15 ഓഫീസർമാർ ഉണ്ടായിരുന്നു.

മാത്രമല്ല, കണക്കിൽ പെടാതെ 36 പേരെ ഓപ്പറേഷനിടെ കാണാതെയുമായി. അവരും വധിക്കപ്പെട്ടിരുന്നു എന്നുവേണം കരുതാൻ. കൂടെ, 700 -ലധികം IPKF സൈനികർക്ക് ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റിരുന്നു.ലങ്കൻ തമിഴ് പുലികളുടെ പോരാട്ടം ഗറില്ലാശൈലിയിലായിരുന്നു. മാത്രമല്ല, പലർക്കും വർഷങ്ങൾക്ക് മുമ്പ് പരിശീലനം നൽകിയത്, ഇതേ ഇന്ത്യൻ സൈന്യമായിരുന്നു എന്നത് മറ്റൊരു വിരോധാഭാസം.

ഏകദേശം പത്തു പന്ത്രണ്ടുവയസ്സുള്ള കുട്ടികൾ മുതൽ, ചെറുപ്പക്കാരികൾ വരെ, വളരെ സാധാരണമായ വസ്ത്രങ്ങൾക്കുള്ളിൽ അരയിൽ ബെൽറ്റ്‌ബോംബ് ധരിച്ചുകൊണ്ട് ചാവേറുകളായി ഇന്ത്യൻ സൈനികർക്കരികിൽ ചെന്ന് പൊട്ടിത്തെറിച്ചു കൊണ്ടിരുന്നു. ചൈനീസ് നിർമ്മിത യന്ത്രത്തോക്കുകളുമായി സ്ട്രാറ്റജിക് ആയ സ്ഥാനങ്ങളിൽ ചെന്ന് ഒളിച്ചിരിക്കുന്ന പുലികൾ വളരെ എളുപ്പത്തിൽ ഇന്ത്യൻ സൈനികരുടെ തലച്ചോറുകളിൽ വെടിയുണ്ടകൾ നിക്ഷേപിച്ചു കൊണ്ടിരുന്നു.

സാധാരണമായി സഞ്ചരിക്കുന്ന തെരുവുകളിലും, ഇടുങ്ങിയ ഗലികളിലും ഒക്കെ ലാൻഡ് മൈനുകൾ സ്ഥാപിച്ച് അവയ്ക്ക് ഇന്ത്യൻ സൈന്യത്തെ ഇരയാക്കിക്കൊണ്ടിരുന്നു. നമ്മുടെ സൈന്യം ആദ്യമായിട്ടായിരുന്നു അത്തരത്തിൽ ഒരു ‘അർബൻ ഗറില്ലാ’ യുദ്ധസാഹചര്യത്തിലേക്ക് എത്തുന്നത്. യുദ്ധത്തിൽ സിവിലിയൻ കാഷ്വാലിറ്റിസ് തീരെ പാടില്ല എന്ന ശക്തമായ ഉത്തരവ് നിലവിലുണ്ടായിരുന്നതുകൊണ്ട് ആ വഴിക്കും പ്രയാസങ്ങൾ ഏറെയായിരുന്നു.

തെരുവുകളിലെ ബഹുനിലക്കെട്ടിടങ്ങളുടെ മട്ടുപ്പാവുകളിൽ ഒളിച്ചിരുന്ന സ്നൈപ്പറുകൾ ഇന്ത്യൻ സൈനികരുടെ ജീവനെടുത്തുകൊണ്ടിരുന്നു. ഒറ്റ ദിവസം മാത്രം ഒരു ലാൻഡ് മൈൻ സ്ഫോടനത്തിൽ 29 പേരാണ് ഒറ്റയടിയ്ക്ക് കൊല്ലപ്പെട്ടത്. അതോടുകൂടി ഇന്ത്യൻ സൈന്യത്തിന് കൂടുതൽ T-72 ടാങ്കുകൾ അടങ്ങുന്ന ഒരു സംഘത്തിന്റെ ആക്രമണങ്ങൾക്കു പിന്തുണയ്ക്കായി വിളിച്ചുവരുത്തിയിരുന്നു.

പക്ഷെ ഇന്ത്യൻ ടാങ്കുകളെയും Mi -8, ചേതക് തുടങ്ങിയ ഹെലികോപ്റ്ററുകളെയും പുലികൾ ടാങ്ക് വേധ RPG ആന്റി ടാങ്ക് റോക്കറ്റുകളും, മോർട്ടാറുകളും, മറ്റുമടങ്ങുന്ന ആയുധങ്ങളാൽ തകർക്കാൻ തുടങ്ങി. ഇന്ത്യയുടെ അഞ്ചു ഹെലികോപ്ടറുകളെങ്കിലും ആ രണ്ടാഴ്ചക്കാലത്ത് പുലികൾ വെടിവെച്ചുതകർത്തിട്ടുണ്ട്. ഓരോ ദിവസവും 3 കോടി എന്നതായിരുന്നു അന്നത്തെ കണക്കിന് ചെലവ്.

പ്രദേശത്തെ വീടുകളിൽപരിശോധനകളും മറ്റും നടത്താൻ ചെല്ലുമ്പോൾ, LTTE ബന്ധമുള്ള ആരെങ്കിലുമാണോ തങ്ങൾക്കുമുന്നിൽ വാതിൽ തുറന്നു നിൽക്കുന്നത് എന്നറിയാൻ എന്ന് അറിയാൻ ഒരു നിവൃത്തിയുമുണ്ടായിരുന്നില്ല. ഒരിക്കൽ അവിടെ തെരുവിൽ ഒരു സീനിയർ IPKF ഓഫീസർ ഒരു വീട്ടിലേക്ക് ചെന്നുകേറിയപ്പോൾ വീട്ടില്‍ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. അദ്ദേഹത്തിന് ആദ്യം സംശയമൊന്നും തോന്നിയില്ല. എന്നാൽ തിരിഞ്ഞ പാടിന് അദ്ദേഹത്തിന്റെ പുറത്തേക്ക് ഒളിച്ചുവെച്ചിരുന്ന സ്റ്റെൻ ഗൺ പുറത്തെടുത്ത് ആ പെണ്‍കുട്ടി തുരുതുരാ വെടിവച്ചിട്ടു.

ഇത്തരത്തിൽ ഇങ്ങനെ സമസ്തകോണുകളിൽ നിന്നും ആക്രമണം വരുന്ന ഒരിടത്ത് എങ്ങനെയാണ് സൈന്യത്തിന് പിടിച്ചു നിൽക്കാനാകുക. മാത്രമല്ല, ജാഫ്‌നയെപ്പറ്റിയുള്ള കൃത്യമായ ധാരണയില്ലാതിരുന്നതും IPKF -ന് വിനയായി. പലസമയങ്ങളിലും പോരാട്ടത്തിനിടെ വഴിതെറ്റിയിട്ടാണ് സൈനികർക്ക് LTTE ആക്രമണം നേരിടേണ്ടി വരുന്നതും മരണം സംഭവിക്കുന്നതും. “LTTE നടത്തിയ ആക്രമണങ്ങൾക്ക് കൃത്യത കുറവായിരുന്നു എങ്കിലും, അക്ഷരാർത്ഥത്തിൽ പുലികളെപ്പോലെയാണ് അവർ പോരാടിയത്” എന്നാണ് അന്ന് സൈന്യത്തെ നയിച്ച ബ്രിഗേഡിയർ കുൽവന്ത് സിങ്ങ് ഇന്ത്യാ ടുഡേയോട് പറഞ്ഞത്.

പോരാട്ടം രണ്ടാം ആഴ്ച കഴിഞ്ഞപ്പോൾ ആക്രമണം കടുപ്പിച്ച IPKF, ആർമർ പ്ലേറ്റഡ്‌ Mi-24 അസോൾട്ട് ഹെലികോപ്റ്ററുകളും മറ്റും കെട്ടിടങ്ങളോട് ചേർന്ന് പറന്നുകൊണ്ട് LTTE കേന്ദ്രങ്ങളെ ആക്രമിച്ചു. അവസാനം നിരന്തരമായ പോരാട്ടത്തിനൊടുവിൽ ഒക്ടോബർ 26 -ന് IPKF-ന് മുന്നിൽ തമിഴ് പുലികൾ കീഴടങ്ങി. കുറഞ്ഞപക്ഷം 700 പുലികളെയെങ്കിലും വധിച്ചിട്ടുണ്ടാകണം എന്ന് സൈന്യം പറയുന്നുണ്ട്.

ശ്രീലങ്കൻ സമാധാനസ്ഥാപനം യുദ്ധമായി മാറിയപ്പോൾ അതിനിടെ പ്രതികാരപരമായ പല പെരുമാറ്റങ്ങളും ഇന്ത്യൻ സൈനികരിൽ നിന്നുണ്ടായി എന്ന ആക്ഷേപം അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന് ഉയർന്നുവന്നു.
ജനങ്ങളിൽ നിരപരാധികളായ നിരവധിപേരെ സൈന്യം വധിച്ചു. ധാരാളം തമിഴ് യുവതികൾ ബലാത്സംഗത്തിനിരയായി. IPKF ചെയ്ത ബോംബിങ്ങുകളിലും, അക്രമണങ്ങളിലും പലപ്പോഴും സിവിലിയൻ സ്ഥാപനങ്ങൾക്ക് തകരാർ പറ്റുകയും, പാവപ്പെട്ട ജനങ്ങൾ വധിക്കപ്പെടുകയുമുണ്ടായി.

തുടക്കത്തിലൊക്കെ തമിഴ് പുലിളെ അനുകൂലിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ മാത്രമായിരുന്നു ശ്രീലങ്കയിൽ നിന്ന് പുറത്തുവന്നുകൊണ്ടിരുന്നത്. അവസാനമായപ്പോൾ ഇന്ത്യൻ സർക്കാരും ജേർണലിസ്റ്റുകളെ ലങ്കയിലെത്തിച്ച് റിപ്പോർട്ട് ചെയ്യിക്കുകയുണ്ടായി. ഇന്ത്യയിൽ കരുണാനിധിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നിന്നുതന്നെ IPKF-നെതിരായ പ്രതിഷേധസ്വരങ്ങൾ ഉയർന്നുതുടങ്ങി. അങ്ങിനെ സമ്മർദ്ദങ്ങൾക്കൊടുവിൽ ഇന്ത്യ സൈന്യത്തെ പിൻവലിക്കുകയും ചെയ്തു. ഇതുപോലുള്ള ഒരു ഓപ്പറേഷനുവേണ്ടി ശ്രീലങ്കയിലേക്ക് പട്ടാളത്തെ അയക്കാൻ തീരുമാനിച്ചതിന്റെ പേരിൽ, അതോടെ രാജീവ് ഗാന്ധി പുലികളുടെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടു.

അതാണ് പിന്നീട് വേലുപ്പിള്ള പ്രഭാകരൻ എന്ന LTTE നേതാവിനെ, രാജീവ് ഗാന്ധിയെ വധിക്കാൻ വേണ്ടി ചാവേർ ബോംബാക്രമണത്തിന് ശിവരശനും, തനുവും, ശുഭയും എല്ലാമടങ്ങുന്ന സംഘത്തെ അയക്കാൻ പ്രേരിപ്പിക്കുന്നത്. യുഎസിന് വിയറ്റ്‌നാമിൽ പറ്റിയ അതേ അബദ്ധമാണ് ഇന്ത്യക്ക് ശ്രീലങ്കയിൽ പിണഞ്ഞത്. ശത്രു പക്ഷ ശക്തി തിരിച്ചറിയുന്നതിൽ വന്ന പിഴവ്. അത് ഒടുവിൽ ചെന്നെത്തിയത് രാജീവ് ഗാന്ധി എന്ന രാഷ്ട്രനേതാവിന്റെ തന്നെ കൊലപാതകത്തിലായിരുന്നു എന്നതടക്കമുള്ള പിൽക്കാല സംഭവവികാസങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്.