പ്രധാനമന്ത്രിക്ക് കത്തയച്ചവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയ നടപടിയില്‍ പ്രതിഷേധിച്ച് 180 സാംസ്‌കാരിക പ്രവര്‍ത്തകരുടെ തുറന്നകത്ത്

single-img
9 October 2019

ആള്‍ക്കൂട്ട ആക്രമണങ്ങളെ എതിര്‍ത്ത് പ്രധാനമന്ത്രിക്ക് കത്തയച്ച 50 സാംസ്‌കാരിക പ്രമുഖര്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് കൂടുതല്‍ പ്രമുഖര്‍. 180ലേറെ സാംസ്‌കാരിക പ്രവര്‍ത്തകരാണ് ഇക്കാര്യത്തില്‍ 50 പ്രമുഖര്‍ക്ക് പിന്തുണയറിയിച്ച് തുറന്നകത്തെഴുതിയത്.

ചലച്ചിത്ര താരം നസറുദ്ദീന്‍ ഷാ, ഛായാഗ്രാഹകന്‍ ആനന്ദ് പ്രധാന്‍, എഴുത്തുകാരായ അശോക് വാജ്‌പേയി, ജെറി പിന്റോ, അക്കാദമിഷ്യന്‍ ഇറ ഭാസ്‌കര്‍, കവി ജീത് തയില്‍, സംഗീതജ്ഞന്‍ ടി എം കൃഷ്ണ, ചരിത്രകാരി റൊമിലാ ഥാപ്പര്‍, സിനിമാ നിര്‍മാതാവും ആക്ടിവിസ്റ്റുമായ സബാ ദേവന്‍ എന്നിവരുള്‍പ്പെടുന്ന 180 പേരാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് പിന്തുണയ അറിയിച്ച് തുറന്ന കത്തെഴുതിയത്.

”അവര്‍ സമൂഹത്തിലെ ഉത്തരവാദിത്തമുള്ള അംഗങ്ങളെന്ന നിലയിലുള്ള കടമയാണ് നിറവേറ്റിയത്. പൗരന്മാരെ നിശബ്ദരാക്കാന്‍ കോടതികളെ ദുരുപയോഗം ചെയ്യുകയാണോ? സാംസ്‌കാരിക സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍, മനസ്സാക്ഷിയുള്ള പൗരന്മാരെന്ന നിലയില്‍, ഞങ്ങളെല്ലാവരും അവര്‍ക്കൊപ്പം ഈ പ്രവ്യത്തിയെ അപലപിക്കുന്നു. ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലെ ഓരോ വരികളോടും യോജിക്കുന്നു. അതിനാലാണ് ഞങ്ങള്‍ അവരുടെ കത്ത് വീണ്ടും ഇവിടെ പങ്കിടുന്നത്. സാംസ്‌കാരിക, അക്കാദമിക്, അഭിഭാഷക സമൂഹങ്ങളും ഇത് ചെയ്യണമെന്നാണ് അഭ്യര്‍ത്ഥന. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ആളുകളെ നിശബ്ദരാക്കുന്നതിനെതിരെ, പൗരന്മാരെ ഉപദ്രവിക്കാന്‍ കോടതികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് ഞങ്ങളുടെ ശബ്ദം”-കത്തില്‍ പറയുന്നു.

അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്നം, അനുരാഗ് കശ്യപ്, ശ്യാം ബെനഗല്‍, സൗമിത്ര ചാറ്റര്‍ജി, അപര്‍ണ സെന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് രാജ്യദ്രോഹം, പൊതുശല്യം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ പ്രകാരമാണ് ബിഹാര്‍ പൊലീസ് കേസെടുത്തത്.