കേരളപ്പിറവി ദിനത്തില്‍ കേരളാ ബാങ്ക് ആരംഭിക്കുന്നു; റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി

single-img
9 October 2019

കേരള ബാങ്കിന്റെ രൂപീകരണത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി. ഈ കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തിന്‍റെ സ്വന്തം ബാങ്കായി കേരളബാങ്ക് പ്രവര്‍ത്തനമാരംഭിക്കും. ദീർഘമായ പ്രതിസന്ധികളും നിയമപ്രശ്നങ്ങളും മറികടന്നാണ് കേരള ബാങ്ക് രൂപീകരണത്തിനുള്ള അവസാനകടമ്പ സര്‍ക്കാര്‍ കടന്നത്.

കേരള ബാങ്ക് രൂപീകരണത്തിന് അനുകൂലമായി സംസ്ഥാനത്ത് 13 ജില്ലാ ബാങ്കുകളും പ്രമേയം പാസാക്കിയിരുന്നുവെങ്കിലും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഇതിനെ എതിര്‍ത്തിരുന്നു.അങ്ങിനെ തുടക്കത്തിൽ തന്നെ കേരള ബാങ്ക് രൂപീകരണം പ്രതിസന്ധിയിലായി. ഒടുവില്‍ സംസ്ഥാന സർക്കാർ പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടു വന്നാണ് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചത്.

സർക്കാർ നടപടി ആര്‍ബിഐ അംഗീകരിച്ചതോടെയാണ് കേരള ബാങ്ക് രൂപീകരണത്തിന് കളമൊരുങ്ങുന്നത്. കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകളേയും സംസ്ഥാന സഹകരണബാങ്കില്‍ ലയിപ്പിച്ച് അതിനെ കേരള ബാങ്കായി പുനര്‍നാമകരണം ചെയ്യാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതി. പദ്ധതിയുടെ അപേക്ഷ തത്ത്വത്തില്‍ അംഗീകരിച്ച റിസര്‍വ് ബാങ്ക് കേരള ബാങ്ക് രൂപീകരണത്തിന് 19 നിബന്ധകളും മുന്നോട്ടു വച്ചു.

ഇത് പ്രകാരം എല്ലാ ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളും പൊതുയോഗം വിളിച്ച് അതില്‍ രണ്ടില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ലയനത്തിന് അനുകൂലമായി പ്രമേയം പാസാക്കണമെന്നൊരു നിബന്ധന ഇതിലുണ്ടായിരുന്നു. ഇത്തരത്തിൽ സംസ്ഥാനത്തെ 13 ജില്ലകളിലെ സഹകരണബാങ്കുകളും പൊതുയോഗം വിളിച്ച് ലയനത്തിന് അനുകൂലമായി പ്രമേയം പാസാക്കിയെങ്കിലും യുഡിഎഫ് നിയന്ത്രണത്തിലുള്ള മലപ്പുറം സഹകരണബാങ്കിന്‍റെ ഭരണസമിതി യോഗം ചേര്‍ന്ന് കേരള ബാങ്കിന് എതിരായി പ്രമേയം പാസാക്കി.

ഇതിനെ മറികടക്കാൻ പൊതുഭരണസമിതി യോഗത്തില്‍ മൃഗീയ ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കേണ്ടതില്ലെന്നും യോഗത്തിന്‍റെ അംഗീകാരം മാത്രം നേടിയാല്‍ മതിയെന്നുമുള്ള ഭേദഗതിയോടെ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. സർക്കാരിന്റെ ഈ പരിഷ്കാരം ആര്‍ബിഐ അംഗീകരിച്ചതോടെയാണ് കേരളബാങ്ക് രൂപീകരണത്തിന് വഴിയൊരുങ്ങിയത്.