മൈനിങ് എൻജിനീയറിംഗില്‍ രാജ്യത്തെ വിദഗ്ദന്‍; സ്ഫോടനത്തിലൂടെ കെട്ടിടം തകര്‍ക്കുന്നതില്‍ ഗിന്നസ് ബുക്കില്‍ ഇടം; മരടില്‍ എത്തുന്ന സര്‍വ്വത്തെയെ കൂടുതല്‍ അറിയാം

single-img
9 October 2019

നിയമം ലംഘിച്ചു നിർമ്മിച്ചതിനാൽ സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട മരട് ഫ്‌ളാറ്റുകൾ പൊളിക്കാനായി സംസ്ഥാന സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന പ്രകാരം എസ് ബി സര്‍വ്വത്തെ നാളെയാണ് എത്തുന്നത്. നിയന്ത്രിതസ്ഫോടനത്തിലൂടെ വലിയ കെട്ടിടങ്ങള്‍ പൊളിക്കുന്നതില്‍ സംസ്ഥാനത്തിന് വലിയ പ്രാവീണ്യമില്ലാത്തതുകൊണ്ടാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ സര്‍വ്വത്തെയെ സർക്കാർ ക്ഷണിച്ചത്. ആൾ അത്ര നിസ്സാരക്കാരനല്ല, നിയന്ത്രിത സ്ഫോടനത്തിലൂടെ കെട്ടിടം തകര്‍ത്ത് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചയാളാണ് സര്‍വ്വത്തെ.

അതിനാൽ മരടിലെ ഫ്ലാറ്റുകളുടെ കാര്യത്തില്‍ തീരുമാനമായെന്ന് ഉറപ്പിക്കാം. രാജ്യമാകെ ഇരുനൂറോളം കെട്ടിടങ്ങളാണ്ഇതുവരെ എസ് ബി സർവത്തെ പൊളിച്ചടുക്കിയിട്ടുള്ളത്. നിലവിൽ ഹൈദരാബാദിലെ ഉത്തം ബ്ലാസ്‌ടെക്, വിജയ സ്റ്റോൺസ് എന്നിവയുടെ ഡയറക്ടർ ബോർഡംഗമായി പ്രവര്‍ത്തിക്കുന്ന സര്‍വ്വത്തെ മൈനിങ് എൻജിനീയറിംഗില്‍ രാജ്യത്തെ ഏറ്റവും പേരുകേട്ട വ്യക്തിയാണ്. അതേപോലെ തന്നെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സിന്‍റെ ഇന്‍ഡോർ ചാപ്ടർ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.

കെട്ടിടങ്ങൾ പൊളിക്കുക മാത്രമല്ല. അതിനെക്കുറിച്ച് ഗ്രന്ഥവും തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട് സര്‍വ്വത്തെ. എന്നിരുന്നാലും കൊച്ചിയിലെ പോലെ ഇത്ര വലിയ റെസിഡൻഷ്യൽ കെട്ടിടങ്ങൾ ഒരുമിച്ച് പൊളിക്കുന്നത് ഇന്ത്യയിലാദ്യമായാണ്. ഇതിന്റെ വെല്ലുവിളികള്‍ മറികടന്ന് സര്‍വ്വത്തെ മരടിലെ കെട്ടിടം പൊളിക്കല്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.നാളെ കൊച്ചിയിലെത്തുന്ന സർവ്വത്തെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള കമ്പനികളെ തെരഞ്ഞെടുക്കുന്നതിലും സർക്കാറിനെ സഹായിക്കും.

ഈ വെള്ളിയാഴ്ച പൊളിക്കൽ ചുമതലയുള്ള കമ്പനികളെ തെരഞ്ഞെടുക്കും. ഇപ്പോൾ എഡി ഫെയ്സ്, വിജയ സ്റ്റീൽ അടക്കം മൂന്ന് കമ്പനികളാണ് ചുരുക്കപ്പട്ടികയിൽ ഉള്ളത്.