ജോളി മറ്റു രണ്ടു കുട്ടികളെക്കൂടി കൊലപ്പെടുത്താൻ ലക്ഷ്യമിട്ടെന്ന് പൊലീസ്

single-img
8 October 2019
Jolly koodathayi case latest news

കൂടത്തായി കൊലപാതകപരമ്പരക്കേസിലെ പ്രതി ജോളി  പൊന്നാമറ്റം വീട്ടിലെ രണ്ടുകുട്ടികളെ കൂടി കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നെന്ന് എസ്.പി കെ.ജി സൈമണ്‍. മറ്റൊരുവീട്ടിലും കൊലപാതകശ്രമം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ജോളിയുടെ അറസ്റ്റ്. റോയിയുടെ മരണം പ്രത്യേക എഫ്.ഐ.ആര്‍ ആക്കി അന്വേഷിക്കും. റോയിയുടെ കേസിലാണ് തെളിവുകള്‍ ലഭ്യമായത്. ഇതില്‍ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. ഷാജു തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും എസ്.പി പറഞ്ഞു.

അതേസമയം, കൊലപാതക പരമ്പരയില്‍ ഡി.എന്‍.എ പരിശോധന അമേരിക്കയില്‍ നടത്തും. കല്ലറയില്‍ നിന്ന് കിട്ടിയ മൃതദേഹാവശിഷ്ടങ്ങളിലെ ഡി.എന്‍.എ പരിശോധനയാണ് അമേരിക്കയില്‍ നടത്തുക. മൈറ്റോ കോണ്‍ഡ്രിയല്‍ ഡിഎന്‍എ അനാലിസിസ് ആണ് നടത്തുന്നത്. ഇതിനായി കൊല്ലപ്പെട്ട റോയിയുടെ സഹോദരങ്ങളുടെ ഡി.എന്‍.എ സാംപിള്‍ എടുക്കും. അതിനിടെ കൊല്ലപ്പെട്ട സിലിയുടെ ബന്ധുക്കളുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുകയാണ്. സിലിയുടെ സഹോദരന്‍ സിജോയുടെയും സഹോദരിയുടെയും അമ്മാവന്റെയുമാണ് മൊഴിയെടുക്കുന്നത്.