ശബരിമല: നിയമനിർമ്മാണം കേന്ദ്രത്തിന്റെയും ബിജെപിയുടെയും പരിഗണനയിൽ: കേന്ദ്ര മന്ത്രി ഡിവി സദാനന്ദ ഗൗ‍ഡ

single-img
7 October 2019

ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീംകോടതി വിധി മറികടക്കാനുള്ള നിയമനിർമ്മാണം കേന്ദ്രത്തിന്റെയും ബിജെപിയുടെയും പരിഗണനയിൽ ഉണ്ടെന്ന് കേന്ദ്ര മന്ത്രി ഡി വി സദാനന്ദ ഗൗ‍ഡ. എത്ര സമയമെടുത്താലും വിശ്വാസ താൽപര്യം സംരക്ഷിക്കും.

ശബരിമല വിഷയം വളരെ സങ്കീർണമാണ്. പുനഃ പരിശോധനാ ഹർജികളിൽ സുപ്രീം കോടതിയുടെ അന്തിമവിധിക്ക് ശേഷമാകും നിയമനിർമാണം പരിഗണിക്കുക. ജമ്മു കാശ്മീരിൽ അനുച്ഛേദം 370 റദ്ദാക്കാൻ ഏഴ് പതിറ്റാണ്ടും അയോധ്യയിൽ രാമജന്മ ഭൂമി വിഷയത്തിൽ കാലങ്ങളോളവും കാത്തിരുന്നില്ലേ എന്നും കേന്ദ്ര മന്ത്രി ചോദിച്ചു. കേരളത്തിലുള്ള ഇടതു വലതു മുന്നണികൾക്കെതിരെയുംകാസർകോട് എത്തിയ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ വിമർശനം ഉന്നയിച്ചു.

ഇവിടെ നടക്കുന്നത് ഇരുമുന്നണികളുടെയും കൂട്ടുകച്ചവടമെന്നായിരുന്നു വിമർശനം.കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കുന്നില്ല. അവ ഇവിടേക്ക് എത്തിക്കേണ്ടത് സംസ്ഥാന മുഖ്യമന്ത്രിയുടെ കടമയാണ്. പക്ഷെ കേരളത്തിന്റെ മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരെ കാണാൻ പോലും തയ്യാറാകുന്നില്ലെന്നും ഗൗഡ കുറ്റപ്പെടുത്തി.

ഇതാദ്യമല്ല, ശബരിമലയിൽ സുപ്രീം കോടതി വിധിക്കെതിരെ നിയമം കൊണ്ടുവരുന്നത് പരിഗണനയിലെന്ന് കേന്ദ്ര മന്ത്രി പറയുന്നത്. പാർട്ടിയിലെ ഉന്നത നേതാക്കൾ ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. സുപ്രീം കോടതിയുടെ വിധിക്കെതിരെ കേരളത്തിൽ ബിജെപി സമരം ചെയ്തത് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണെന്നും പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ സദാനന്ദ ഗൗഡ വ്യക്തമാക്കിയിരുന്നു.