ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗ്: രോഹിത് ശര്‍മ കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്ത്

single-img
7 October 2019

കഴിഞ്ഞ തവണ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറി രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടി പുതിയ റെക്കോര്‍ഡിട്ട രോഹിത് ശര്‍മക്ക് ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിലും മികച്ച നേട്ടം. ഐസിസിയുടെ ഏറ്റവും പുതിയ റാങ്കിംഗില്‍ 36 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രോഹിത് കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ പതിനേഴാം സ്ഥാനത്തെത്തി.

സമാനമായി മറ്റൊരു ഓപ്പണറായ മായങ്ക് അഗര്‍വാളാണ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു ഇന്ത്യന്‍ താരം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ചുറി നേടിയ മായങ്ക് 38 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ ഇരുപത്തിയഞ്ചാം സ്ഥാനത്തെത്തി.പട്ടികയിൽ ഇന്ത്യന്‍ നായകന്‍ വിരാട് കോലി സ്റ്റീവ് സ്മിത്തിന് പിന്നില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും റേറ്റിംഗ് പോയന്റില്‍ 2018 ജനുവരിക്ക് ശേഷം ഇതാദ്യമായി 900ന് താഴെയെത്തി.

നിലവിൽ 899 റേറ്റിംഗ് പോയന്റാണ് കോലിക്കുള്ളത്. ഇത് ഒന്നാം സ്ഥാനത്തുള്ള സ്മിത്തിനേക്കാള്‍ 38 റേറ്റിംഗ് പോയന്റ് പുറകിലാണ്. എന്നാൽ ബൗളിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ എട്ടു വിക്കറ്റുമായി തിളങ്ങിയ അശ്വിന്‍ ആദ്യ പത്തില്‍ തിരിച്ചെത്തി. മുൻപ് 14-ാം സ്ഥാനത്തായിരുന്ന അശ്വിന്‍ പത്താം സ്ഥാനത്താണിപ്പോള്‍. അതേപോലെ മുഹമ്മദ് ഷമി പതിനെട്ടാം സ്ഥാനത്തുനിന്ന് പതിനാറാം സ്ഥാനത്തെത്തി.