വെള്ളാപ്പള്ളി നടേശൻ പ്രസിഡണ്ട്‌; നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക്‌ സ്ഥിരം സംഘടനാ സംവിധാനം വരുന്നു

single-img
7 October 2019

ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയും , തുടർന്ന് സംസ്ഥാനത്തുണ്ടായ കലാപ സമാനമായ സാഹചര്യവും രൂപം നൽകിയ നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക്‌ സ്ഥിരം സംഘടനാ സംവിധാനമുണ്ടാക്കാൻ തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിൽ ചേർന്ന സമിതി യോഗം തീരുമാനിച്ചു. തീരുമാനത്തിന്റെറെ അടിസ്‌ഥാനത്തിൽ പുതിയ സെക്രട്ടറിയറ്റ്‌ രൂപീകരിക്കുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്‌തു.

ഇപ്പോൾ സമിതിയുടെ ചെയർമാനായ വെള്ളാപ്പള്ളി നടേശൻ തന്നെയാണ്‌ പുതിയ പ്രസിഡണ്ട്‌. അതേപോലെ ഇപ്പോൾ കൺവീനറായ പുന്നല ശ്രീകുമാർ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഭാവിയിൽ സമിതിയുടെ പ്രവർത്തനം വിപുലമാക്കി താഴെ തലത്തിലേക്ക്‌ കൊണ്ടുപോകുന്നതിന്‍റെ ഭാഗമായാണ്‌ സംഘടനാസംവിധാനത്തിന്‍റെ ഘടനയിൽ മാറ്റം വരുത്തിയത്‌. മാത്രമല്ല, സമിതി രജിസ്‌റ്റർ ചെയ്യാനും തിരുവനന്തപുരത്ത്‌ ഓഫീസ്‌ സംവിധാനം ഒരുക്കാനും യോഗം തീരുമാനിച്ചു.ഈ വർഷം നവംബറിൽ എല്ലാ ജില്ലയിലും സമിതിയുടെ ആഭിമുഖ്യത്തിൽ ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കാൻ നിശ്‌ചയിച്ചു.

കൂട്ടായ്മകളുടെ സംസ്‌ഥാന തല ഉദ്‌ഘാടനം നവംബർ ഒന്നിന്‌ തിരുവനന്തപുരം ഗാന്ധി പാർക്കിൽ മുഖ്യമന്ത്രി നിർവഹിക്കും. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ ആസ്‌പദമാക്കി ഡിസംബറിൽ ക്യാമ്പസുകളിൽ സംവാദം സംഘടിപ്പിക്കാനും തീരുമാനിച്ചു. അടുത്തവർഷം ജനുവരിയിൽ കാസർകോട്ടുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ നവോത്ഥാന സ്‌മൃതി യാത്ര നടത്തും. വിശാല താൽപ്പര്യത്തോടെ പ്രവർത്തിക്കുന്ന നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക്‌ ഇതിനകം തന്നെ കേരളത്തിന്‍റെ സാമൂഹിക മണ്ഡലത്തിൽ നല്ല സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി ആമുഖമായി പറഞ്ഞു.

തുടർന്നും സമിതിയുടെ പ്രവർത്തനം ശക്തമായി മുമ്പോട്ടുകൊണ്ടുപോകണമെന്നും നവോത്ഥാന മൂല്യങ്ങൾ നഷ്‌ടപ്പെടുന്ന സാഹചര്യത്തിൽ വെല്ലുവിളികൾ ഏറ്റെടുക്കണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗത്തിൽ പുന്നല ശ്രീകുമാർ റിപ്പോർട്‌ അവതരിപ്പിച്ചു.