കൂടത്തായി കൊലപാതകങ്ങള്‍: ആരോപണമുയര്‍ന്ന ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ സിപിഎം പുറത്താക്കി

single-img
7 October 2019

കോഴിക്കോട് ജില്ലയിലെ കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ സിപിഎം പുറത്താക്കി. ചാത്തമംഗലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മനോജിനെയാണ് ജില്ല കമ്മിറ്റി പുറത്താക്കിയത്. വ്യാജ വില്‍പത്രംഉണ്ടാക്കാനായി ജോളിയില്‍ നിന്ന് മനോജ് പണം കൈപ്പറ്റിയെന്നാണ് ഉയർന്ന ആരോപണം. നിലവിൽ കേസിലെ അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും ഉദ്യോഗസ്ഥരിലേക്കും കൂടി നീളുകയാണ്.

ജോളിയുമായി കൂടത്തായിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കളായ രണ്ട് പേര്‍ പണമിടപാട് നടത്തിയത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് രേഖകള്‍ ലഭിച്ചിരുന്നു. ഇതോടൊപ്പം കൂടത്തായി വില്ലേജ് ഓഫിസില്‍ ലാന്‍ഡ് റെവന്യൂ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പരിശോധന നടത്തി. മരണം നടന്ന കുടുംബത്തിന്റെ സ്വത്ത് കൈമാറ്റങ്ങളില്‍ സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു പരിശോധന.