കള്ളപ്പണം: സ്വിസ് അക്കൗണ്ടുള്ളവരുടെ വിവരങ്ങള്‍ ഇന്ത്യ ഉള്‍പ്പെടെ 75 രാജ്യങ്ങൾക്ക് കൈമാറി

single-img
7 October 2019

സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുള്ള ഇന്ത്യന്‍ പൌരന്മാരുടെ വിവരങ്ങളുടെ ആദ്യഭാഗം ഇന്ത്യയ്ക്ക് ലഭിച്ചു. ആഗോള കരാറായ ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ കരാർ പ്രകാരം 75 രാജ്യങ്ങൾക്ക് കൈമാറിയ വിവരങ്ങളിലാണ് ഇന്ത്യാക്കാരുടെ വിവരങ്ങളും ഉള്ളത്. ഇന്ത്യ ഉള്‍പ്പെടെ 75 രാജ്യങ്ങൾക്കാണ് സ്വിറ്റ്‌സര്‍ലന്റിലെ ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷൻ വിവരങ്ങൾ കൈമാറിയിരിക്കുന്നത്.

ഓരോ രാജ്യങ്ങളിലെയും പൗരന്മാരുടെ നിക്ഷേപങ്ങൾ സംബന്ധിച്ച് സുപ്രധാന വിവരങ്ങളുടെ ആദ്യഭാഗമാണ് ലഭിച്ചത്. ഇവയുടെ രണ്ടാം ഭാഗം 2020 സെ‌പ്‌തംബറിൽ ലഭിക്കും. സ്വിസ് ബാങ്കിൽ 2018 വരെ നിലനിർത്തിയിരുന്നതും നിലവില്‍ നിഷ്‌ക്രിയമായതും, സജീവമായതുമായ അക്കൗണ്ടുകളുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അക്കൗണ്ട് ഉടമ പേര്, ഇടപാട് തുക, വിലാസം, നികുതി നമ്പര്‍ എന്നിവയാണ് കൈമാറിയിരിക്കുന്നത്.

രാജ്യത്തെ ബാങ്കുകള്‍, ട്രസ്റ്റുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയടക്കം 7500 സ്ഥാപനങ്ങളില്‍ നിന്നാണ് ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷൻ ഈ വിവരങ്ങള്‍ ശേഖരിച്ചത്. തികച്ചും രഹസ്യ സ്വഭാവമുള്ളതാണ് ഇപ്പോൾ കൈമാറിയിരിക്കുന്ന വിവരങ്ങൾ.