ബിജെപിയെ നേരിടാൻ പുതിയ തന്ത്രം; പ്രവർത്തകരെ ദേശീയത പഠിപ്പിക്കാൻ പരിശീലന കളരിയുമായി കോൺഗ്രസ്

single-img
7 October 2019

ബിജെപിയെ നേരിടാനായി കോൺഗ്രസ് പുതിയ തന്ത്രവുമായി എത്തുന്നു.തങ്ങളുടെ പ്രവര്‍ത്തകരെ ദേശീയത പഠിപ്പിക്കുക എന്നതാണ് ഏറ്റവും പുതുതായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഏറ്റെടുത്തിരിക്കുന്ന ദൗത്യം. ബിജെപി ഉയർത്തുന്ന ദേശീയതാ വാദത്തെ പ്രതിരോധിക്കുന്നതിനു വേണ്ടിയാണിത്.

പാർട്ടിയുടെ ബ്ലോക്ക് തലം മുതല്‍ ദേശീയ തലം വരെയുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമാണ് കോണ്‍ഗ്രസിന്റെ പരിശീലന കളരി. ഇതിനായി കഴിഞ്ഞ മാസം പാര്‍ട്ടിയുടെ സംസ്ഥാനാധ്യക്ഷന്മാരുമായും നിയമസഭാംഗങ്ങളുമായും ദേശീയ നേതൃത്വം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് ദേശീയത പഠിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയത്. കളരിയിൽ രാജ്യത്തിന്റെസ്വാതന്ത്ര്യസമര കാലഘട്ടം മുതലുള്ള കാര്യങ്ങളാണു പഠിപ്പിക്കുക.

ഈ കാര്യങ്ങളിലുള്ള പാര്‍ട്ടിയുടെ വീക്ഷണമാകും പ്രവര്‍ത്തകരിലേക്കെത്തിക്കുക. 1971-ല്‍ പാകിസ്താനിൽ നിന്നും വേർതിരിച്ചുകൊണ്ടു ബംഗ്ലാദേശിനു രൂപം കൊടുത്തതുള്‍പ്പെടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നതില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നല്‍കിയ സംഭാവനകളും പ്രവര്‍ത്തകര്‍ക്കു പകര്‍ന്നുനല്‍കും. മാത്രമല്ല, ഇത്തരത്തിലുള്ള പരിശീലനം വഴി പ്രവര്‍ത്തകരുടെ സദാചാര ബോധവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുക എന്നതാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.