പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കും; ‘പൂതന’ പരാമര്‍ശത്തില്‍ ജി സുധാകരനെ തള്ളി സിപിഎം

single-img
6 October 2019

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി സുധാകരന്‍ നടത്തിയ പ്രസ്താവനയെ തള്ളി സിപിഎം. മന്ത്രിയുടെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതേപോലെ തന്നെ, സ്ത്രീവിരുദ്ധ നിലപാട് അംഗീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പൂതനകൾക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നും കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കാന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു ജി സുധാകരന്‍ പറഞ്ഞത്. അദ്ദേഹത്തിനെതിരെ വിവാദ പ്രസ്താവനയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.

സംഭവത്തില്‍സംസ്ഥാന പോലീസ്മെധാവിയും ആലപ്പുഴ ജില്ലാകലക്ടറും അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടു. സുധാകരനെതിരെ ഷാനിമോള്‍ ഉസ്മാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.