കാശ്മീരിൽ മെഹബൂബ മുഫ്തിക്ക് പാര്‍ട്ടി നേതാക്കളെ കാണാന്‍ അനുമതി

single-img
6 October 2019

കേന്ദ്ര സർക്കാർ ജമ്മു കാശ്മീരിന് പ്രത്ത്യേകാവകാശം നൽകുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്ന് വീട്ടുതടങ്കലില്‍ കഴിയുന്ന പിഡിപി നേതാവും ജമ്മുകാശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിക്ക് പാര്‍ട്ടി നേതാക്കളെ കാണാന്‍ അനുമതി. പിഡിപിയിൽ നിന്നുള്ള 10 നേതാക്കള്‍ക്കാണ് തിങ്കളാഴ്ച മെഹബൂബ മുഫ്തിയെ കാണാനുള്ള അനുമതി ഭരണകൂടം നൽകിയത്.

സമാനമായി വീട്ടു തടങ്കലിൽ കഴിയുന്ന ഫാറൂഖ് അബ്ദുള്ളയെയും ഒമര്‍ അബ്ദുള്ളയെയും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി സംഘം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മെഹബൂബ മുഫ്തിയെ സന്ദര്‍ശിക്കാന്‍ പിഡിപി നേതാക്കള്‍ക്ക് അനുമതി ലഭിച്ചത്. ആഗസ്റ്റ് മാസം 4 മുതല്‍ കാശ്മീരില്‍ വീട്ടുതടങ്കലിലാണ് ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബമുഫ്തി തുടങ്ങി ജമ്മുകശ്മീരിലെ മുതിര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍.

തങ്ങൾ ആരോഗ്യകാര്യങ്ങളെ കുറിച്ചാണ് സംസാരിച്ചതെന്നും രാഷ്ട്രീയം ച‍ർച്ച ആയില്ലെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഫറന്‍സ് നേതാക്കളായ അക്ബര്‍ ലോണും ഹസ്‌നെയ്ന്‍ മസൂദിയും മാധ്യമങ്ങളോട് പ്രതികരിച്ചത്. ജമ്മു കാശ്മീരിൽ പ്രദേശിക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചത്.