അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുള്ളതാണ്; പ്രധാനമന്ത്രിക്ക് കത്തെഴുതിയവര്‍ക്കെതിരെ കേസെടുത്ത നടപടി പാടില്ലായിരുന്നു: കുമ്മനം

single-img
6 October 2019

രാജ്യമാകെ വർദ്ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്തെഴുതിയ സാംസ്‌കാരിക നായകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി ശരിയല്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. രാജ്യത്തെല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

എല്ലാവർക്കുമുള്ള അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കണമെന്നും കുമ്മനം പറഞ്ഞു. പക്ഷെ മതവിശ്വാസിയുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമോ അഭിപ്രായ സ്വാതന്ത്ര്യമോ അല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യം രേഖപ്പെടുത്താന്‍, നിവേദനം നല്‍കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുള്ളതാണ്. അങ്ങിനെ ഉള്ളപ്പോൾ ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്നാണ് അഭിപ്രായം. രാജ്യത്തെല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം അനുവദിക്കണം.- കുമ്മനം പറഞ്ഞു.

സമൂഹത്തിലെ പ്രമുഖരായിട്ടുള്ള ആള്‍ക്കാര്‍ അഭിപ്രായം പറയുമ്പോള്‍ അതില്‍ സത്യമുണ്ടോ അസത്യമാണോ എന്നതില്‍ വിവേചിച്ചറിഞ്ഞ് നിലപാടുകള്‍ സ്വീകരിക്കാം. എന്നാൽ ഒരു മതവിശ്വാസിയുടെ മതവികാരത്തെ വ്രണപ്പെടുത്തിയാല്‍ അത് ആവിഷ്‌കാര സ്വാതന്ത്ര്യമെന്നോ അഭിപ്രായ സ്വാതന്ത്ര്യമെന്നോ പറഞ്ഞ് അംഗീകരിക്കാനാവില്ല. എന്ത് കാര്യത്തിനും ഒരു ലക്ഷ്മണരേഖയുണ്ട്. അതേതാണ്, ഏതറ്റം വരെ പോകാം, ഇതിനൊക്കെ നിയന്ത്രണങ്ങള്‍ ആവശ്യമാണ്. കേന്ദ്രസര്‍ക്കാര്‍ അതുതന്നെയാണു പറയുന്നത്.’- അദ്ദേഹം പറഞ്ഞു.