മരണകാരണം ന്യുമോണിയയും മെനിഞ്ചൈറ്റിസും; നാല് വയസുകാരിയുടെ മരണം അമ്മയുടെ മര്‍ദ്ദനമേറ്റല്ല എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

single-img
6 October 2019

കൊല്ലം പാരിപ്പള്ളിയില്‍ നാലു വയസുകാരി മരിച്ചത് അമ്മയുടെ മര്‍ദ്ദനമേറ്റല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
കുട്ടിയുടെ മരണകാരണം ന്യുമോണിയയും മെനിഞ്ചൈറ്റിസുമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നൽകിയ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച നാലു വയസുകാരി അമ്മയുടെ മര്‍ദ്ദനത്തെത്തുടര്‍ന്നാണ് മരിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍.

മാത്രമല്ല, കുട്ടിയെ അമ്മ ഉപദ്രവിച്ചിരുന്നെന്ന് ബന്ധുക്കള്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. ഇതോടൊപ്പം കുട്ടിക്ക് മര്‍ദ്ദനമേറ്റതായി ഡോക്ടര്‍മാരും പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് അമ്മ രമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാതാവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ പാടുകള്‍ കുട്ടിയുടെ ശരീരത്തിലുണ്ട്. എന്നാൽ ഇത് മരണകാരണമല്ല. മാതാവിൽ നിന്നും മര്‍ദ്ദനം ഏറ്റിരുന്നില്ലെങ്കില്‍ കൂടി മരണകാരണമായേക്കാവുന്ന സ്ഥിതിയിലായിരുന്നു കുട്ടിയുടെ ആരോഗ്യനിലയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുട്ടിക്ക് ഇന്ന് രാവിലെ പനി കൂടിയതിനെത്തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. തിരുവന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണമെന്നാണ് സൂചന.