മുഖ്യമന്ത്രി ചർച്ച നടത്തി; ദുബായില്‍ മലയാളികള്‍ക്കായി ഔദ്യോഗിക കൂട്ടായ്മ രൂപീകരിക്കാൻ ധാരണ • ഇ വാർത്ത | evartha
Pravasi

മുഖ്യമന്ത്രി ചർച്ച നടത്തി; ദുബായില്‍ മലയാളികള്‍ക്കായി ഔദ്യോഗിക കൂട്ടായ്മ രൂപീകരിക്കാൻ ധാരണ

മലയാളികൾക്ക് വേണ്ടി ദുബായില്‍ ഔദ്യോഗിക കൂട്ടായ്മ രൂപീകരിക്കാന്‍ ധാരണ. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് കമ്യൂണിറ്റി ഡെവലപ്പ്‌മെന്റ് അതോറിറ്റി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. യു എ ഇയുടെ നിയമത്തിന്റെ പരിധിക്കകത്ത് നിന്ന്‌കൊണ്ട് തന്നെ അസോസിയേഷന് അംഗീകാരം നല്‍കും.

ഇതിനായി യുഎഇ കമ്മ്യുണിറ്റി ഡെവലപ്പ്‌മെന്റ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമദ് അബ്ദുല്‍ കരീം ജുല്‍ഫാറുമായാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. മലയാളികളുടെ അസോസിയേഷന്‍ രൂപീകരണത്തിനും ഇത് സംബന്ധിച്ച മറ്റു നടപടികള്‍ക്കുമായി കേരള സര്‍ക്കാരിന്റെ കീഴില്‍ ഒരു കമ്മറ്റിക്ക് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തിനു നല്‍കുന്ന സഹകരണത്തിനും പിന്തുണക്കും മുഖ്യമന്ത്രി കമ്മ്യുണിറ്റി ഡെവലപ്പ്‌മെന്റ് അതോറിറ്റി അധികൃതരോട് നന്ദി അറിയിച്ചു.

ദുബായിലുള്ള ഇന്ത്യന്‍ കോണ്‍സല്‍ വിപുല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍, നോര്‍ക്ക റൂട്സ് എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ എം എ യുസഫലി, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.