ഷാനിമോൾക്കെതിരെ സുധാകരന്‍റെ 'പൂതന' പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അടിയന്തര റിപ്പോർട്ട് തേടി • ഇ വാർത്ത | evartha
Breaking News, Kerala

ഷാനിമോൾക്കെതിരെ സുധാകരന്‍റെ ‘പൂതന’ പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അടിയന്തര റിപ്പോർട്ട് തേടി

ഉപതെരഞ്ഞെടുപ്പിൽ അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരായ മന്ത്രി ജി സുധാകരന്‍റെ ‘പൂതന’ പ്രയോഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടല്‍. ഷാനി മോൾക്ക് എതിരെ മന്ത്രി പരാമർശത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ ഡി ജി പിയും ആലപ്പുഴ കളക്ടറും അടിയന്തരമായി റിപ്പോർട്ട് സമര്‍പ്പിക്കണമെന്ന്ആവശ്യപ്പെട്ടു.

പരാമർശത്തിൽ ജി സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ഷാനിമോള്‍ ഉസ്മാന്‍ പരാതി നല്‍കിയിരുന്നു. അതിന് പുറമെ മന്ത്രിക്കെതിരെ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫും പരാതി നൽകിയിരുന്നു.

ഷാനിമോൾ ഉസ്മാൻ നൽകിയ പരാതിയിലാണ് നിലവിൽ കമ്മീഷന്‍റെ ഇടപെടല്‍. മന്ത്രി സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാനിമോൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ജി സുധാകരനെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. തന്റെ പ്രസംഗത്തിൽ പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് ജി സുധാകരന്‍ പറഞ്ഞിരുന്നു. മാത്രമല്ല, കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു ഡി എഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു.