ഷെയ്ഖ് ഹസീന – നരേന്ദ്രമോദി കൂടിക്കാഴ്ച; ഇന്ത്യയും ബംഗ്ലാദേശും 7 കരാറുകളില്‍ ഒപ്പു വെച്ചു

single-img
5 October 2019

നാല് ദിവസം നീണ്ടുനിൽക്കുന്ന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 7 കരാറുകളില്‍ ഒപ്പു വെച്ചു.

ഇതോടൊപ്പം ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് ഗ്യാസ് സിലിണ്ടര്‍ ഇറക്കുമതി ഉള്‍പ്പെടെയുള്ള 3 പ്രൊജക്ടുകളും അവതരിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ജലവിതരണം, വിദ്യാഭ്യാസം, തീരദേശ സുരക്ഷ, യുവജനക്ഷേമം, തുടങ്ങിയ മേഖലയിലാണ് കരാര്‍ ഒപ്പു വെച്ചിരിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ബംഗ്ലാദേശുമായുള്ള സഹകരണത്തിന് ഇന്ത്യ പ്രഥമ പരിഗണന നല്‍കുന്നെന്ന് മോദി മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം ബംഗ്ലാദേശുമായി 12 പദ്ധതികളിലാണ് ഇന്ത്യ ധാരണയായതെന്നും മോദി പറഞ്ഞു. സമുദ്ര സുരക്ഷ, ആണവഊര്‍ജം, വ്യാപാരം എന്നീ മേഖലകളില്‍ ഉള്‍പ്പെടെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധം കഴിഞ്ഞ കുറച്ചു വര്‍ഷത്തിനുള്ളില്‍ ഏറെ മെച്ചപ്പെട്ടെന്ന് ഷെയ്ഖ് ഹസീനയും വ്യക്തമാക്കി.