ആരോഗ്യനിലയിൽ ആശങ്കവേണ്ടെന്ന് അമേരിക്കയിലെ വിദഗ്ധസംഘം; ഉപതെര‍ഞ്ഞെടുപ്പ് പ്രചാരണത്തിന് ഉമ്മൻചാണ്ടി എത്തുന്നു

single-img
5 October 2019

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള കേരളത്തിലെ ഉപതെര‍ഞ്ഞെടുപ്പ് പ്രചാരണത്തിന് യുഡിഎഫില്‍ ആവേശമേകാൻ ഉമ്മൻചാണ്ടി യുഎസില്‍ നിന്ന് മടങ്ങിയെത്തുന്നു. യുഎസില്‍ നടത്തിയ വിദഗ്ധ പരിശോധനയിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് കണ്ടെത്തിയതോടെയാണ് ഉമ്മൻചാണ്ടി നാട്ടിലേക്ക് തിരിച്ചത്. ശബ്‍ദത്തിലെ തടസം കണ്ടതിനെ തുടര്‍ന്ന് വെല്ലൂരിലെയും ചെന്നൈ അപ്പോളോ ആശുപത്രിയിലെയും പരിശോധനയിൽ അദ്ദേഹത്തിന്‍റെ തൊണ്ടയിൽ മുഴയുണ്ടെന്ന് കണ്ടെത്തി.

എന്നാല്‍ രണ്ടിടത്തും നിന്ന് വ്യത്യസ്ഥ തുടർ ചികിത്സകളാണ് നിർദ്ദേശിച്ചത്. അപ്പോഴാണ്‌ സുഹൃത്തുക്കളുടെ നിർദേശം മാനിച്ച് അമേരിക്കയിൽ വിദഗ്ധ പരിശോധനക്ക് പോയത്. തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടി പ്രചാരണത്തിനില്ലാത്തത് സ്ഥാനാർത്ഥികൾക്കും നിരാശയുണ്ടാക്കി. നിലവില്‍ ആരോഗ്യനിലയിൽ ആശങ്കവേണ്ടെന്നാണ് അമേരിക്കയിലെ വിദഗ്ധസംഘം വിലയിരുത്തിയത്.

മാത്രമല്ല, തുടർ ചികിത്സ വേണ്ടിവന്നാലും അത് ഇന്ത്യയിൽ തന്നെ മതിയെന്നും ഡോക്ടർമാർ നിർദ്ദേശിച്ചതോടായായിരുന്നു മടക്കം. വരുന്ന തിങ്കളാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് എത്തുന്ന മുൻ മുഖ്യമന്ത്രി ചൊവ്വാഴ്ച മുതൽ പ്രചാരണത്തിനുണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ രണ്ടാം ഘട്ടം മുതൽ ഉമ്മൻചാണ്ടി എത്തുന്നതിൻറെ ആവേശത്തിലാണ് കോൺഗ്രസ് പ്രവര്‍ത്തകര്‍.