കോഴിക്കോട് കൂടത്തായിയിലെ തുടര്‍മരണങ്ങള്‍; ചുരുളഴിയുന്നത്‌ സിനിമയെ വെല്ലുന്ന തിരക്കഥ

single-img
5 October 2019

താമരശേരി: കോഴിക്കോട് കൂടത്തായിയില്‍ നടന്ന തുടര്‍മരണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ വഴിത്തിരിവ്. ഒരു കുടംബത്തിലെ ആറുപേരാണ് മരണപ്പെട്ടത്. ഇവര്‍ക്ക് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്കിയെന്നാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്ന വിവരം.

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ മച്ചാടിയില്‍ മാത്യു, ടോം തോമസിന്റെ സഹോദരപുത്രന്റെ ഭാര്യ സിലി, ഇവരുടെ ഒരു വയസുള്ള മകള്‍ അല്‍ഫൈന്‍ എന്നിവരാണ് മരിച്ചത്. 2002-നും 2016-നും ഇടയിലാണ് ഈ ആറു പേരും മരിച്ചിരിക്കുന്നത്.

ഭക്ഷണം കഴിച്ച ശേഷമായിരുന്നു കുടുംബത്തിലെ ആറു പേരും മരണപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് കല്ലറ പൊളിച്ച്‌ പരിശോധന നടത്തിയത്.
അടുത്ത ബന്ധുക്കളാണ് കൃത്യത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഉടന്‍ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. ടോം തോമസ്, ഭാര്യ അന്നമ്മ ദമ്പതികളുടെ മരുമകള്‍ ജോളിയെയാണ് പൊലീസ് ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്‌. അന്വേഷണ സംഘം നുണപരിശോധനയ്ക്ക് വിധേയമാകാന്‍ ജോളിയോട് ആവശ്യപ്പെട്ടപ്പോള്‍ ഇവര്‍ ഒഴിഞ്ഞുമാറിയിരുന്നു.