ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; മരണം 93 ആയി; പരിക്കേറ്റത് മൂവായിരത്തോളം പ്രക്ഷോഭകര്‍ക്ക്

single-img
5 October 2019

സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭം കനക്കുന്ന ഇറാഖില്‍ മരണം 93 ആയി. മൂവായിരത്തോളം പ്രക്ഷോഭകര്‍ക്ക് പരിക്കേറ്റു. പ്രതിഷേധത്തിനെ അടിച്ചമര്‍ത്താനായി ഇറാഖില്‍ ഇന്നലെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രക്ഷോഭകരെ ഒഒതുക്കാനായില്ല എന്ന് മാത്രമല്ല, പ്രതിഷേധം കാരണം സര്‍ക്കാരിന് കര്‍ഫ്യൂ പിന്‍ വലിക്കേണ്ടിയും വന്നു. വിഷയം ചർച്ച ചെയ്യാൻ പാര്‍ലമെന്റില്‍ അടിയന്തര യോഗം വിളിച്ചെങ്കിലും ചില പാര്‍ലമെന്റംഗങ്ങള്‍ ഇത് ബഹിഷ്‌കരിച്ചതിനാല്‍ ചര്‍ച്ച നടന്നില്ല.

ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ല എന്നാണ് ബഹിഷ്‌കരിച്ച പാര്‍ലമെന്റംഗങ്ങള്‍ പറയുന്ന കാരണം. നിലവിൽ ഭരണ പ്രതിസന്ധിയിലായിരിക്കുകയാണ് പ്രധാനമന്ത്രി അദില്‍ അബ്ദുള്‍ മഹദിയുടെ സര്‍ക്കാര്‍. രാജ്യത്തെ തൊഴിലില്ലായ്മയിലും സര്‍ക്കാരിന്റെ അഴിമതിയിലും പ്രതിഷേധിച്ചാണ് ഇറാഖില്‍ പ്രക്ഷോഭം നടക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി അദില്‍ അബ്ദുള്‍ മഹദി രാജിവെക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. ആകെ 4 കോടി ജനസംഖ്യയുള്ള ഇറാഖില്‍ തൊഴില്‍ ക്ഷാമം രൂക്ഷമായതും ഇറാഖ് സര്‍ക്കാര്‍ അഴിമതി ആരോപണം നേരിടുന്നതുമാണ് സമരം രൂക്ഷമാകാന്‍ കാരണം. രാജ്യത്തെ പലയിടങ്ങളിലും വെള്ളവും വൈദ്യുതിയും പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പേലുമില്ലെന്ന് സമരക്കാര്‍ പരാതിപ്പെടുന്നു.