ഹരിയാണ: മുൻ കോൺഗ്രസ് അധ്യക്ഷൻ അശോക് തൻവാർ പാർട്ടിയിൽ നിന്നും രാജിവെച്ചു

single-img
5 October 2019

ഹരിയാണയിലെ കോൺഗ്രസ് മുൻ അധ്യക്ഷനും മുതിർന്ന നേതാവുമായ അശോക് തൻവാർ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചു. സംസ്ഥാനത്ത് നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അശോക് തൻവാറിന്റെ രാജി.

കോൺഗ്രസ് പാർട്ടി നിലനിൽപ്പിൽ പ്രതിസന്ധി നേരിടുന്നത് അതിന്റെ എതിരാളികൾ കാരണമല്ലെന്നും മറിച്ച് അതിന്റെ ഉള്ളിലെ പടലപ്പിണക്കങ്ങൾ മൂലമാണെന്നും അശോക് തൻവാർ ട്വിറ്ററിൽ പ്രസിദ്ധീകരിച്ച തന്റെ രാജിക്കത്തിൽ ആരോപിക്കുന്നു. ഏറ്റവും താഴേത്തട്ടിൽ നിന്നും നന്നായി അധ്വാനിച്ച് വളർന്നുവന്ന നേതാക്കൾക്കൊന്നും പാർട്ടിയിൽ സ്ഥാനമില്ലെന്നും മറിച്ച് പണം, ബ്ലാക്ക്മെയിലിംഗ്, സമ്മർദ്ദ തന്ത്രങ്ങൾ എന്നിവ മാത്രമാണ് അവിടെ ചെലവാകുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

തെരെഞ്ഞെടുപ്പിനു മുന്നോടിയായി അശോക് തൻവാറിനെ പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റി പകരം മുതിർന്ന നേതാവായ കുമാരി സെൽജയെ തൽസ്ഥാനത്ത് നിയമിച്ചിരുന്നു. എന്നാൽ കുമാരി സെൽജ സോഹ്നയിലെ സീറ്റ് അഞ്ചുകോടി രൂപയ്ക്ക് വിറ്റുവെന്നാരോപിച്ച് അശോക് തൻവാറും അനുയായികളും സോണിയാ ഗാന്ധിയുടെ ഡൽഹിയിലെ വസതിയ്ക്കുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത് വിവാദമായിരുന്നു.

രാഹുൽ ഗാന്ധിയുടെ വിശസ്തനായ സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയെങ്കിലും അശോക് തൻവാറിനെ സ്റ്റാർ ക്യാമ്പയിനർമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് അശോക് തൻവാറിന്റെ അപ്രതീക്ഷിത രാജി.

Highlights: Former Haryana Congress Chief, Ashok Tanwar resigns from the party