ദയവായി രാജി വെച്ച് നിങ്ങള്‍ ഓഫീസ് വിടൂ, ഞങ്ങളുടെ ജനങ്ങളെ ശിക്ഷിക്കരുത്; കർണാടകയിൽ യെദ്യൂരപ്പക്കെതിരെ കോണ്‍ഗ്രസും ജെഡിഎസും

single-img
5 October 2019

കര്‍ണാടകയിലുണ്ടായ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ച്ചയും ഫണ്ട് അനുവദിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയും ചൂണ്ടികാട്ടി കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസും ജെഡിഎസും.

ഇതുപോലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി യെദ്യൂരപ്പ രാജി വെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ‘ബിഎസ് യെദ്യൂരപ്പ, നിങ്ങളുടെ സര്‍ക്കാര്‍ പാപ്പരായവരാണ് എന്ന് അംഗീകരിച്ച ശേഷം ഒരു മിനിറ്റ് പോലും നിങ്ങള്‍ക്ക് അവിടെ ധാര്‍മ്മികമായി അധികാരത്തില്‍ തുടരാന്‍ അവകാശമില്ല, ദയവായി രാജി വെച്ച് നിങ്ങള്‍ ഓഫീസ് വിടൂ. ഞങ്ങളുടെ ജനങ്ങളെ ശിക്ഷിക്കരുത്’ എന്നായിരുന്നു സിദ്ധരാമയ്യയുടെ ട്വീറ്റ്.

കർണാടകയുടെ ഖജനാവില്‍ പണമില്ലെന്ന് യെദ്യൂരപ്പ ബിജെപി നിയമസഭാംഗമായ ആനന്ദ് മമാനിയോട് വിശദീകരിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷമായിരുന്നു സിദ്ധരാമയ്യ രംഗത്തെത്തിയത്. എന്നാൽ, കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ അഴിമതിയിലൂടെ കോണ്‍ഗ്രസും കോണ്‍ഗ്രസ്-ജെ.ഡി (എസ്) സഖ്യ സര്‍ക്കാരുകളും ശൂന്യമാക്കിയതിനാലാണ് സംസ്ഥാന ഖജനാവുകള്‍ ശൂന്യമായിരിക്കുന്നതെന്നായിരുന്നു യെദ്യൂരപ്പയുടെ മകനും ബി.ജെ.പി യുവജന വിഭാഗം പ്രസിഡണ്ട് ബി വൈ വിജയേന്ദ്രയുടെ പ്രതികരണം.

വിജയേന്ദ്രയ്ക്ക് മറുപടി നൽകിയത് മുൻ മുഖ്യമന്ത്രി കുമാരസ്വാമിയാണ് ‘അദ്ദേഹം ആരാണ്. സര്‍ക്കാര്‍ ധനകാര്യത്തെക്കുറിച്ചും ബജറ്റ് വ്യവസ്ഥകളെക്കുറിച്ചും അദ്ദേഹത്തിന് എന്തറിയാം? അദ്ദേഹം പറയുന്ന പരാമര്‍ശങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും നല്‍കേണ്ടതില്ല. സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസവും പുനരധിവാസവും പരിഹരിക്കുന്നതിന് സര്‍ക്കാറിന്റെ കൈവശം ആവശ്യത്തിന് കൂടുതല്‍ പണമുണ്ട്.’ എന്നായിരുന്നു കുമാരസ്വാമിയുടെ മറുപടി.