ബന്ദിപ്പൂർ പാതയില്‍ പകല്‍ യാത്രാ നിയന്ത്രണം ഉണ്ടാകില്ല: കര്‍ണാടക സര്‍ക്കാര്‍

single-img
5 October 2019

കേരളാ – കർണാടക അതിർത്തിയിലെ ബന്ദിപ്പൂർ പാത പകൽ അടച്ചിടാൻ ഉദ്ദേശമില്ലെന്ന് കർണാടക സർക്കാർ. അല്ലാതുള്ള പ്രചാരണം തെറ്റെന്നും കർണാടക വനം വകുപ്പ് അറിയിച്ചു. കർണാടക സർക്കാരിന് വേണ്ടി വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേയർ ഇറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വിശദമാക്കുന്നത്. ഈ പാതയിലൂടെ രാവിലെ 6 മണി മുതൽ 9 മണി വരെ പാതയിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന തരത്തിൽ ചില പ്രചാരണങ്ങൾ ഉണ്ടാകുന്നുണ്ട്. അവയെല്ലാം തെറ്റായ ആരോപണങ്ങൾ മാത്രമാണ്.

ഇത്തരത്തിൽ ഒരു ആലോചന സർക്കാരിന്റെ മുന്നിൽ എത്തിയിട്ടില്ല. അതേസമയം ബന്ദിപൂർ പാതയിലൂടെ പകൽയാത്ര അനുവദിക്കണം എന്നാവശ്യപ്പെട്ട് ചില പ്രതിഷേധങ്ങളും ധർണകളും നടക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതുവരെ അത്തരത്തിലൊരു ഉത്തരവോ ആലോചനയോ സർക്കാരിന്റെ മുന്നിൽ ഇല്ലെന്നും വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു. മാത്രല്ല, പകൽ 6 മണി മുതൽ 9 മണി വരെ 766 ദേശീയപാതയിലൂടെ സാധാരണ ഗതിയിൽ തന്നെ ഗതാഗതം തുടരുമെന്നും വനം വകുപ്പ് അറിയിച്ചു.

എന്നാൽ, രാത്രിയാത്ര സംബന്ധിച്ച യാതൊരു പരാമർശവും വിശദീകരണക്കുറിപ്പിൽ നൽകിയിട്ടില്ല. കോഴിക്കോട് -കൊല്ലിഗൽ ദേശീയപാതാ 766 ലൂടെയുള്ള രാത്രിയാത്ര നിരോധനം തുടരുമെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്ദിയൂരപ്പ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പക്ഷെ കർണാടക ഉപമുഖ്യമന്ത്രി പകൽ കൂടി ഈ പാതയിലെ നിരോധനം പരിഗണിക്കുമെന്നായിരുന്നു നിലപാടെടുത്തത്.