ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലുള്ള അഭിപ്രായം പരിഗണിക്കുന്നില്ല; തുര്‍ക്കിക്കും മലേഷ്യയ്ക്കും മറുപടിയുമായി ഇന്ത്യ

single-img
4 October 2019

ജമ്മു കാശ്മീർ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികളെ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ വിമര്‍ശിച്ച തുര്‍ക്കി, മലേഷ്യ ഭരണാധികാരികള്‍ക്ക് മറുപടി നല്‍കി ഇന്ത്യന്‍ വിദേശകാര്യ പ്രതിനിധി രവീഷ് കുമാര്‍.കാര്യങ്ങളുടെ സത്യാവസ്ഥ അറിയാതെയാണ് ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ ഇരു രാജ്യങ്ങളും അഭിപ്രായം പറഞ്ഞതെന്ന് വിദേശകാര്യവകുപ്പ് അറിയിച്ചു.

ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ തുര്‍ക്കി പ്രസിഡന്റിന്റെ ഈ അഭിപ്രായം പരിഗണിക്കുന്നില്ലെന്നും, ഇനിയും ഇത്തരത്തിലുള്ള അഭിപ്രായം പറയുന്നതിനു മുൻപ് കാശ്മീര്‍ വിഷയം മനസ്സിലാക്കാന്‍ തുര്‍ക്കിയെ ക്ഷണിക്കുന്നെന്നും രവീഷ് കുമാര്‍ പറഞ്ഞു.

പ്രദേശത്തെ സംഘട്ടനങ്ങളിലൂടെയല്ല കാശ്മീര്‍ പ്രശ്‌നം പരിഹരിക്കേണ്ടതെന്നും ദക്ഷിണേഷ്യയുടെ വളര്‍ച്ചയില്‍ നിന്നും സമൃദ്ധിയില്‍ നിന്നും കശ്മീരിനെ മാറ്റി നിര്‍ത്താനാവില്ല എന്നുമായിരുന്നു പൊതു സഭയില്‍ തുര്‍ക്കി പ്രസിഡന്റ് റെജബ് തയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞിരുന്നത്. അതേപോലെ തന്നെ, യുഎൻ പൊതുസഭയില്‍ ഇന്ത്യയെ വിമര്‍ശിച്ച മലേഷ്യന്‍ പ്രധാനമന്ത്രിക്കും ഇന്ത്യ മറുപടി നല്‍കി.

ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും, കാശ്മീര്‍ വിഷയത്തിലെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും വസ്തുതകളെ മനസ്സിലാക്കിയല്ല അഭിപ്രായമെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.