കുടുംബത്തിലെ ആറുപേരുടെ ദുരൂഹ മരണം; അന്വേഷണം ഉറ്റ ബന്ധുവായ യുവതിയിലേക്ക്

single-img
4 October 2019

കോഴിക്കോട് ജില്ലയിലെ കൂടത്തായി കുടുംബത്തിൽ നടന്ന കൂട്ടമരണത്തില്‍ ദുരൂഹതകള്‍ ഏറുന്നു. വിവിധ കാലങ്ങളിൽ മരിച്ചവരുടെ ഉറ്റ ബന്ധുവായ യുവതിയിലേക്ക് അന്വേഷണം നീളുന്നതായാണ് സൂചന. ഈ യുവതി ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖകള്‍ ചമച്ച സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു.

പോലീസിന്റെ അന്വേഷണം യുവതിയിലേക്ക് നീണ്ടതിന് പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചതായാണ് വിവരം. ഇതോടെ അന്വേഷണസംഘം ശാസ്ത്രീയ തെളിവുകള്‍ തേടി കല്ലറ തുറക്കുന്നതിലേക്ക് എത്തുകയായിരുന്നു. ദുരൂഹ മരണത്തിൽ പരാതി നൽകിയ റോജോയെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഇവർ ശ്രമിച്ചതായും ആരോപണം ഉയരുന്നുണ്ട്.

അതേസമയം അന്വേഷണ സംഘം ആറു പേരുടെയും കല്ലറകള്‍ തുറന്നു പരിശോധിക്കുന്ന നപടികള്‍ പൂര്‍ത്തിയാക്കി സാമ്പിളുകള്‍ ശേഖരിച്ചു. കോടഞ്ചേരിയിലെ പള്ളിയില്‍ അടക്കിയ പത്തുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹമടക്കം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

വടകര റൂറല്‍ എസ്പി കെജി സൈമണിന്‍റെ നേതൃത്വത്തിലായിരുന്നു കൂടത്തായിയിലും കോടഞ്ചേരിയിലും മൃതദേഹ പരിശോധന നടന്നത്. ആദ്യ ഘട്ടത്തിൽ മരണങ്ങള്‍ കൊലപാതകമാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. കൂടത്തായി കുടുംബത്തിലെ അന്നമ്മ, ഭര്‍ത്താവ് ടോം തോമസ്, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു, ടോമിന്‍റെ സഹോദര പുത്രന്‍ ഷാജുവിന്‍റെ ഭാര്യ സിലി, പത്ത് മാസം പ്രായമുള്ള മകള്‍ എന്നിവരാണ് ഒരേ ലക്ഷണങ്ങളോടെ മരിച്ചത്. 2002ല്‍ ആട്ടിന്‍ സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് അന്നമ്മയാണ് ആദ്യം മരിച്ചത്. തുടർന്ന് 2008ല്‍ ടോം തോമസ് മരിച്ചു. അതേപോലെ 2011ല്‍ കടലക്കറിയും ചോറും കഴിച്ച ഉടനായിരുന്നു റോയ് തോമസ് മരിച്ചത്.

പിന്നീട് 2014ല്‍ അന്നമ്മയുടെ സഹോദരന്‍ മാത്യു മരിച്ചു. തൊട്ടു പിന്നാലെ സഹോദരപുത്രന്‍റെ മകള്‍ അല്‍ഫോന്‍സയും. സിലി 2016ലും മരിച്ചു. റോയിയുടെ മരണത്തോടെയായിരുന്നു സംശയത്തിന്‍റെ തുടക്കം. കാരണം, എല്ലാവരും മരിക്കുന്നത് ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞുവീണാണ്.

റോയി മരിച്ചത് ഹൃദയാഘാതം മൂലമാണെന്നായിരുന്നു കുടുംബം പറഞ്ഞത്. പക്ഷെ പോസ്റ്റ് മോര്‍ട്ടത്തില്‍ വിഷത്തിന്‍റെ അംശം കണ്ടെത്തി. ആദ്യം പൊലീസ് ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു. ഇപ്പോൾ കൊലപാതകമാണെന്ന സൂചനയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കുന്നത്.