മരട് ഫ്ലാറ്റ്: ഒഴിയാനുള്ളത് 29 കുടുംബങ്ങള്‍; ഉടമസ്ഥർ ആരെന്നറിയാത്തത് 50 ഫ്ലാറ്റുകൾ

single-img
4 October 2019

സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പൊളിക്കുന്ന മരടിലെ ഫ്‌ളാറ്റുകളിൽ താമസിക്കുന്ന സഹായം കിട്ടേണ്ട ഫ്ലാറ്റ് ഉടമകളുടെ പട്ടിക ഇന്ന് സർക്കാരിന് കൈമാറും. ഫ്‌ളാറ്റുകളുടെ ശരിയായ ഉടമകളുടെ പേരുകൾ മാത്രമാണ് കൈമാറുക. അതിനാൽ സ്വന്തം പേരിൽ ഫ്ലാറ്റുകൾ ഇല്ലാത്തവർക്കുള്ള നഷ്ടപരിഹാരം എങ്ങനെ നൽകണം എന്നതിൽ തീരുമാനം സുപ്രീംകോടതി നിയോഗിച്ച സമിതിക്ക് വിടും.

ഇതിനകം ഫ്ലാറ്റുകൾ ഒഴിഞ്ഞ ഉടമകൾ നഗരസഭയിൽ നേരിട്ടെത്തി ഫ്ലാറ്റ് ഒഴിഞ്ഞതിന്റെ രേഖകൾ കൈപ്പറ്റണമെന്ന് സബ് കലക്ടർ സ്നേഹിൽ കുമാ‍ർ സിംഗ് അറിയിച്ചു. ഇത്തരത്തിൽ രേഖ കൈപറ്റുന്നവർക്ക് മാത്രമേ നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകൂവെന്നും സബ് കളക്ടർ പറഞ്ഞു. നഗരസഭ അറിയിച്ച താമസക്കാരെ ഒഴിപ്പിക്കാനുള്ള സമയം കഴിഞ്ഞപ്പോഴും ഉടമസ്ഥർ ആരെന്നറിയാത്ത 50 ഫ്ലാറ്റുകൾ ആണ് മരടിൽ ഉള്ളത്.

ഇവയുടെ ഉടമസ്ഥർ എത്തിയില്ലെങ്കിൽ റവന്യൂ വകുപ്പ് ഫ്ലാറ്റുകൾ നേരിട്ട് ഒഴിപ്പിക്കും. നിലവിൽ മരട് ഫ്ലാറ്റുകളിൽ നിന്നും 29 കുടുംബങ്ങളാണ് ഒഴിയാനുള്ളത്. യഥാക്രമം ഹോളി ഫെയ്ത് 18, ആൽഫാ 7, ഗോൾഡൻ കായലോരം 4 എന്നിങ്ങനെയാണ് ഒഴിയാനുള്ള കുടുംബങ്ങളുടെ എണ്ണം. ഫ്‌ളാറ്റുകളിലെ 4 സമുച്ചയങ്ങളിലായി 50 അപ്പാർട്മെന്റുകൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഇവയുടെ ഉടമകൾ ആരും അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ല.

ഇതെല്ലാം തന്നെ വിറ്റുപോയ ഫ്ലാറ്റുകൾ ആണെങ്കിലും കൈവശാവകാശ രേഖകൾ നഗരസഭയിൽ നിന്ന് കൈപറ്റിയിട്ടില്ല. അതുമൂലം രജിസ്ട്രേഷൻ വകുപ്പിൽ നിന്ന് ഉടമസ്ഥരുടെ രേഖകൾ ശേഖരിക്കും. ഈ മാസം എട്ടാം തിയതിക്കകം സാധനങ്ങൾ പൂർണമായും മാറ്റും. അതേപോലെ, ഫ്ലാറ്റുകൾ പൊളിക്കുന്നതിനായി ടെൻഡർ നൽകിയ കമ്പനികളിൽ നിന്ന് യോഗ്യരായവരേയും ഈ ദിവസങ്ങളിൽ തീരുമാനിക്കും.