സാമ്പത്തിക പ്രതിസന്ധി; സ്ഥിരം ജീവനക്കാര്‍ക്ക് സ്വമേധയാ പിരിഞ്ഞു പോകാന്‍ പദ്ധതിയുമായി ടൊയോട്ട

single-img
3 October 2019

രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി വാഹന വിപണി കാര്യമായി ബാധിച്ചതിന്റെ ഫലമായി ടൊയോട്ട കിര്‍ലോസക്കര്‍ തങ്ങളുടെ സ്ഥിരം ജീവനക്കാര്‍ക്ക് സ്വമേധയാ പിരിഞ്ഞു പോകുന്നതിനുള്ള പദ്ധതി തയ്യാറാക്കി. ഇതോടെ ഇന്ത്യൻ വാഹന വിപണിയിൽ വിആർഎസ് നടപ്പാക്കുന്ന നാലാമത്തെ കമ്പനിയാവുകയാണ് ഇവര്‍.

ഇതിനു മുൻപ് ജനറല്‍ മോട്ടോര്‍സ്, ഹീറോ മോട്ടോ കോര്‍പ്പ്, അശോക് ലേലാന്റ് എന്നിവയാണ് സമാന നടപടി സ്വീകരിച്ച മൂന്ന് കമ്പനികള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ കമ്പനിയില്‍ സേവനമനുഷ്ഠിച്ച ജീവനക്കാര്‍ക്കായാണ് ടൊയോട്ട സ്വയം വിരമിക്കൽ പദ്ധതി ആരംഭിച്ചത്.

മറുവശത്ത് കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച തൊഴിലാളികളുടെ കരാറും കമ്പനി ഇതുവരെ പുതുക്കിയിട്ടില്ല. അതിനാല്‍ ഇവര്‍ക്കെതിരെ എന്ത് നടപടിയാണ് കമ്പനി സ്വീകരിക്കുക എന്നതില്‍ വ്യക്തത കൈവന്നിട്ടില്ല. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള വാഹന നിര്‍മ്മാണത്തില്‍ 35 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിന്റെ ആദ്യപാദത്തില്‍ 3.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടവും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാം പാദത്തിലെ കണക്കുകള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. നിലവില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വാങ്ങാന്‍ ആളില്ലാതെ വന്നതിന്റെ ഫലമായി ടൊയോട്ട കിര്‍ലോസ്‌ക്കറിന്റെ നിര്‍മ്മാണത്തില്‍ 37 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സമാനമായി മോട്ടോ കോര്‍പ്പിന്റെ നിര്‍മ്മാണത്തിലും 36 ശതമാനത്തിന്റെ ഇടിവുണ്ടായി. വാഹന നിര്‍മ്മാണ കമ്പനികള്‍ സ്വമേധയാ വിരമിക്കല്‍ നടപ്പാക്കുന്നതോടെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത് കുറയുമെങ്കിലും രാജ്യത്തെ തൊഴിലിലില്ലായ്മ വര്‍ദ്ധിക്കുക എന്നതാവും ആത്യന്തിക ഫലം.