മരട്‌ ഫ്‌ളാറ്റുകൾ: ഒഴിയാനുള്ള സമയപരിധി 12 മണി വരെ നീട്ടി; പുനരധിവാസത്തിനായി ഒരു കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം

single-img
3 October 2019

സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകളില്‍ നിന്നും താമസക്കാര്‍ക്ക് ഒഴിഞ്ഞു പോകാനുള്ള സമയപരിധി നീട്ടി. ഇന്ന് വൈകുന്നേരം അ‌ഞ്ച് മണിക്കുള്ളില്‍ ഒഴിഞ്ഞു പോകണം എന്നായിരുന്നു നേരത്തെ നഗരസഭ മരടിലെ ഫ്ളാറ്റുടമകള്‍ക്ക് നല്‍കിയ നിര്‍ദേശം. ഇത് 12 മണി വരെ നീട്ടി നൽകി.

ഇവിടെനിന്നും തങ്ങള്‍ക്ക് ഒഴിഞ്ഞു പോകാന്‍ വേറെ സ്ഥലമില്ലെന്നും വൈദ്യുതി ജലവിതരണം പുനസ്ഥാപിച്ച് ഇനിയുള്ള രണ്ടാഴ്ച കൂടി ഫ്ളാറ്റില്‍ തുടരാന്‍ അനുമതി നല്‍കണമെന്നും നേരത്തെ ഫ്ളാറ്റുടമകള്‍ സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം നിര്‍ദേശം തള്ളുകയായിരുന്നു. താമസക്കാർക്കുള്ള പുനരധിവാസം വേഗത്തിലാക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചു.

ഇക്കാര്യത്തിൽ മരട് നഗരസഭയുടെ അപേക്ഷ അനുസരിച്ചാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക ഫണ്ടില്‍ നിന്നും ഇതിനുള്ള തുക അനുവദിച്ചത്. അതേസമയം ഫ്ലാറ്റുകളില്‍ നിന്ന് ഇന്ന് ഒഴിഞ്ഞുപോവാന്‍ ആവില്ലെന്ന് ഒരു വിഭാഗം ഫ്ലാറ്റ് ഉടമകള്‍ ആവര്‍ത്തിക്കുമ്പോഴും വിട്ടുവീഴ്ചയ്ക്കില്ലെന്ന കര്‍ശന നിലപാടാണ് കളക്ടര്‍ സ്വീകരിച്ചത്. നിലവിൽ 103 എണ്ണത്തില്‍ നിന്നുമാത്രമാണ് ആളുകള്‍ ഒഴിഞ്ഞിട്ടുള്ളത്.