ഉപതെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുളള സമയം അവസാനിച്ചു; മത്സരരംഗത്തുള്ളത്‌ 35 പേര്‍

single-img
3 October 2019

സംസ്ഥാനത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിർദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുളള സമയം അവസാനിച്ചു. കേരളത്തിൽ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കുളള തെരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് നടക്കാന്‍ പോകുന്നത്. പത്രികകള്‍ പിന്‍വലിക്കാനുളള സമയം അവസാനിച്ചപ്പോൾ പ്രമുഖ മുന്നണി സ്ഥാനാര്‍ത്ഥികളും അപരന്മാരും സ്വതന്ത്രരും ഉള്‍പ്പെടെ 35 പേരാണ് മത്സര രംഗത്ത്. തുടക്കത്തിൽ നാല്‍പ്പത്തി ഒമ്പത് പേരായിരുന്നു അഞ്ചു നിയോജക മണ്ഡലങ്ങളിലേക്കായി നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചിരുന്നത്.

എന്നാൽ സൂക്ഷ്മ പരിശോധനക്കും പത്രികകള്‍ പിന്‍വലിക്കാനുളള സമയപരിധിക്കും ശേഷം മത്സരരംഗത്ത് ശേഷിക്കുന്നത് 35 പേരാണ്. ഇതിൽ എറണാകുളം നിയോജക മണ്ഡലത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ മത്സര രംഗത്തുളളത്. ഇവിടെ ഒമ്പതുപേരാണ് മത്സരരംഗത്തുള്ളത്.മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി മനു റോയിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദിനും അപരന്‍മാരും മത്സര രംഗത്തുണ്ട്. വട്ടിയൂര്‍ക്കാവിലാകട്ടെ യുഡിഎഫ്-ബിജെപി സ്ഥാനാര്‍ത്ഥികളുടെ അപരന്മാരുള്‍പ്പെടെ എട്ടു പേരാണ് മത്സര രംഗത്തുളളത്.

അതേപോലെ തന്നെ ഏഴുപേര്‍ മഞ്ചേശ്വരത്തും ജനവിധി തേടുന്നുണ്ട്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന് അപരനായി ഖമറുദ്ദീന്‍ എം സിയും രംഗത്തുണ്ട്. കോണ്‍ഗ്രസിലെ വിമത ഗീത അശോകന്‍ അടക്കം ആറ് പേരാണ് അരൂരില്‍ മത്സരരംഗത്ത്. ഇവിടെ ടെലിവിഷനാണ് കോണ്‍ഗ്രസ്സ് വിമതയുടെ ചിഹ്നം. കോന്നി മണ്ഡലത്തിലാണ്‌ ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികളുള്ളത്. അഞ്ചുപേരാണ് ഇവിടെ മത്സരിക്കുന്നത്.