കോണ്‍ഗ്രസ് തീരുമാനത്തെ മറികടന്ന് യോഗി സര്‍ക്കാരിന്റെ പരിപാടിയില്‍ പങ്കെടുത്ത് റായ്ബറേലിയിലെ കോണ്‍ഗ്രസ് എംഎല്‍എ

single-img
3 October 2019

ലഖ്‌നൗ: കോണ്‍ഗ്രസ് നിലപാടിനെ പരസ്യമായി അവഗണിച്ച് കോണ്‍ഗ്രസ് എംഎല്‍എ. റായ്ബറേലി മണ്ഡലത്തിലെ എംഎല്‍എയായ അദിതി സിങാണ് കോണ്‍ഗ്രസ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത പരിപാടിയില്‍ പങ്കെടുത്തത്. യുപി സര്‍ക്കാര്‍ സംഘടിപ്പിച്ച ഗാന്ധി ജന്മദിന പരിപാടിയിലാണ് അദിതി പങ്കെടുത്തത്.


കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇക്കാര്യം പരിഗണിക്കാതെയാണ് അദിതി യോഗി സര്‍ക്കാരിന്റെ പരിപാടിയില്‍ പങ്കെടുത്തത്.

തന്റെ മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ഒരു വേദിയായിരുന്നു അതെന്ന് അദിതി പ്രതികരിച്ചു. പാര്‍ട്ടി തീരുമാനം അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥയാണെങ്കിലും തനിക്ക് ശരിയെന്നുതോന്നുന്ന കാര്യങ്ങളാണ് ചെയ്യുന്നതെന്നും അദിതി ന്യൂസ്18 ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം ഗാന്ധിജയന്തിയോടനുബന്ധിച്ച് ലഖ്‌നൗവില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമാധാന സന്ദേശ റാലിയില്‍ നിന്ന് അദിതി വിട്ടുനില്‍ക്കുകയും ചെയ്തു. നേരത്തെ ജമ്മു കശ്മീര്‍ വിഷയത്തിലും അദിതി കേന്ദ്രത്തെ പിന്തുണച്ചിരുന്നു.