നടന്നത് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ കവർച്ച; ജ്വല്ലറിയില്‍ നിന്നും മോഷ്ടിക്കപ്പെട്ടത് 50 കോടിയുടെ സ്വര്‍ണം

single-img
2 October 2019

തമിഴ്‌നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ കവര്‍ച്ചയാണ് ഇന്ന് പുലർച്ചെ ഉണ്ടായത്. തിരുച്ചിറപ്പള്ളിയിൽ പ്രവർത്തിക്കുന്ന ലളിതാ ഗോള്‍ഡിന്‍റെ ശാഖയില്‍ നിന്നും മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗസംഘം കവർന്നത് അന്‍പത് കോടി രൂപ മൂല്യം വരുന്ന സ്വർണമാണ്. നഗരമധ്യത്തിലുള്ള ചൈത്രം ബസ് സ്റ്റാന്‍ഡിന് സമീപം സ്ഥിതി ചെയ്യുന്ന ജ്വല്ലറിയിൽ നിന്നും അതിവിദഗ്ദ്ധമായാണ് കവര്‍ച്ചാസംഘം കൊള്ളയടിച്ചത്.

ബുധനാഴ്ച പുലര്‍ച്ചയോടെ ജ്വല്ലറിയുടെ പിൻവശത്തുള്ള ചുമര്‍ തുറന്ന് അകത്തു കയറിയ കവര്‍ച്ചാ സംഘം ഉള്ളിൽ നിന്നും പരമാവധി സ്വര്‍ണം ശേഖരിച്ച് രക്ഷപ്പെടുകയായിരുന്നു. രാവിലെ സാധാരണപോലെ കട തുറക്കാനായി ജീവനക്കാര്‍ എത്തിയപ്പോള്‍ ആണ് കവര്‍ച്ചാ വിവരം പുറംലോകം അറിയുന്നത്. മൃഗങ്ങളുടെ രൂപമുള്ള മുഖം മൂടി ധരിച്ചെത്തിയ കവര്‍ച്ചക്കാരുടെ ദൃശ്യങ്ങള്‍ ജ്വല്ലറിയിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.

പുലര്‍ച്ചെ ഏകദേശം രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലായാണ് കവര്‍ച്ച നടന്നിരിക്കുന്നത്. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘം ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനായി സമീപ പ്രദേശങ്ങളിലെ എല്ലാ സിസിടിവി ക്യാമറകളും പൊലീസ് പരിശോധിച്ചു വരികയാണ്. അതേപോലെ തന്നെ ഈ മേഖലയില്‍ നിന്നും കഴിഞ്ഞ 24 മണിക്കൂറില്‍ വന്നതും പോയതുമായ ഫോണ്‍ കോളുകളുടെ വിശദാംശങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്.