ശബരിമലയിലെ യുവതീ പ്രവേശനം തടയാന്‍ കോണ്‍ഗ്രസ് തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്: പ്രയാര്‍ ഗോപാലകൃഷ്ണന്‍

single-img
2 October 2019

ശബരിമലയിൽ കൊടിയോ അടിയോ അക്രമമോ ഉണ്ടാകാതെ സഹനത്തോടെ യുവതീ പ്രവേശനം തടയാന്‍ തന്നെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണന്‍. സുപ്രീം കോടതിയിലെ റിവ്യു ഹര്‍ജിയടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്ന കാര്യമാണ്.

സുപ്രീംകോടതി പരിഗണിക്കുന്ന റിവ്യൂ ഹർജികളിലെ വിധിക്ക് ശേഷം നിയമനിര്‍മാണം നടത്തുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞിട്ടുണ്ട്. കേരളത്തിൽ അടുത്ത തവണ അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസും നിയമനിര്‍മാണത്തിന് മുന്‍കൈ എടുക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്.ഇവ രണ്ടുംവലിയ പ്രതീക്ഷയാണെന്നും പ്രയാര്‍ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

നിലവിൽ സംസ്ഥാനത്തെ ഭക്തന്‍മാര്‍ക്കിടിയില്‍ സഹിഷ്ണുതയും സഹനവും നിലനില്‍ക്കുന്നുണ്ട്. അതിനുള്ള കാരണം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഇടത് സര്‍ക്കാരും വിശ്വാസികള്‍ക്കൊപ്പമാണെന്ന് പറഞ്ഞതുകൊണ്ടാണ്. പക്ഷെ വിശ്വാസികള്‍ക്കൊപ്പമാണെന്ന് പറയുകയും നിരീശ്വരവാദം പ്രചരിപ്പക്കുകയുമാണ് സിപിഎം. ഇത് ശബരിമല വിഷയത്തില്‍ ആവര്‍ത്തിച്ചാല്‍ വിശ്വാസികള്‍ വീണ്ടും സഹനസമരത്തിനിറങ്ങും.- അദ്ദേഹം പറഞ്ഞു.

അതേപോലെതന്നെ ശബരിമല വിഷയത്തിലെ ഹര്‍ജി വിശ്വാസവുമായി ബന്ധപ്പെട്ടാണ്. രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവുമാണ് അതില്‍ പ്രതിപാദിക്കുന്നത്. അതാവട്ടെ ഹിന്ദുവിനെ മാത്രം സംബന്ധിക്കുന്ന വിഷയമല്ല.

ഇനി മുസ്ലിമിന്‍റെ ശരിഅത്ത് നിയമത്തിനെതിരെ എന്തെങ്കിലും വന്നാല്‍ അന്ന് ഹിന്ദുവും ക്രിസ്ത്യനും എല്ലാവരും അവര്‍ക്കൊപ്പം നില്‍ക്കണം. ക്രിസ്ത്യനെതിരെ ചര്‍ച്ച് ആക്ട് കൊണ്ടുവരികയാണെങ്കില്‍ അപ്പോള്‍ വിശ്വാസികള്‍ അവര്‍ക്കൊപ്പവും നില്‍ക്കണം. വിശ്വാസികളുടെ മുന്നേറ്റമാണ് ഇന്ത്യക്കാവശ്യം. പ്രയാർ ഗോപാലകൃഷ്ണൻ പറയുന്നു.