മരട്: പുനരധിവാസം സാധ്യമാക്കാതെ ഒഴിയില്ലെന്ന് ഫ്ലാറ്റ് ഉടമകള്‍; നടപടിയുണ്ടാവുമെന്ന് സബ്കളക്ടര്‍

single-img
2 October 2019

നിയമം ലംഘിച്ചു പണിതതിനാൽ സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളില്‍ നിന്നും ഒഴിയാനുള്ള സമയപരിധി അവസാനിക്കാനിരിക്കെ ഫ്‌ളാറ്റില്‍ നിന്നും ഇറങ്ങില്ലെന്ന് ഫ്‌ളാറ്റുടമകള്‍. സർക്കാർ വാഗ്ദാനം ചെയ്തപുനരധിവാസം സാധ്യമാക്കാതെ ഫ്‌ളാറ്റുകളില്‍ നിന്നും ഇറങ്ങില്ലെന്നാണ് ഉടമകളുടെ നിലപാട്.നാളെയാണ് സമയപരിധി അവസാനിക്കുന്നത്.

താമസക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിലയിരുത്താന്‍ നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍ ബുധനാഴ്ച രാവിലെ ഫ്‌ളാറ്റുകളില്‍ എത്തിയിരുന്നു. എന്നാൽ, തങ്ങൾക്ക് നൽകിയ സമയപരിധി 16ാം തിയതി വരെ നീട്ടി നല്‍കണമെന്നും വീട്ടുപകരണങ്ങളും മറ്റും മുകളിലെ നിലകളില്‍ നിന്ന് താഴെയിറക്കാന്‍ മതിയായ ലിഫ്റ്റ് സൗകര്യങ്ങളില്ലെന്നും താമസക്കാര്‍ നഗരസഭാ സെക്രട്ടറിയെ അറിയിച്ചിരുന്നു.

ഇന്ന് മരടിലെത്തുന്ന സബ്കളക്ടറെ കണ്ട് നേരിട്ട് കാര്യങ്ങള്‍ ബോധിപ്പിക്കാനിരിക്കുകയായിരുന്നു ഫ്‌ളാറ്റുടമകള്‍. എന്നാല്‍ താമസക്കാർക്ക് പോവാനുള്ള സമയം നീട്ടി നല്‍കില്ലെന്നും ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ അറിയിക്കുകയായിരുന്നു. നാളെകൂടിയുള്ള സമയപരിധി കഴിഞ്ഞാല്‍ വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുമെന്നും ഫ്‌ളാറ്റ് ഒഴിഞ്ഞു പോകാത്തവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും സബ്കളക്ടര്‍ അറിയിക്കുകയും ചെയ്തു.