ശബരിമല യുവതീ പ്രവേശന വിധി: തനിക്ക് ഭീഷണികളുണ്ടായിരുന്നുവെന്ന് സുപ്രീം കോടതി ജസ്റ്റിസ് ചന്ദ്രചൂഡ്

single-img
2 October 2019

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചതിന് ശേഷം തനിക്ക് പലവിധത്തിലുള്ള ഭീഷണികൾ ഉണ്ടായിരുന്നതായി സുപ്രീം കോടതി ന്യായാധിപനായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മുംബൈയിൽ വെച്ചുനടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”വിധി വന്ന ശേഷം എന്‍റെ സഹപ്രവർത്തകരും, ക്ലർക്കുമാരും അടക്കമുള്ളവർ എന്നോട്, താങ്കൾ സാമൂഹ്യമാധ്യമങ്ങളിലില്ലല്ലോ എന്നാണ് ചോദിച്ചത്. ഇല്ല, വാട്‍സാപ്പിൽ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുമായും സംസാരിക്കാറുണ്ട് എന്നതൊഴിച്ചാൽ എനിക്ക് മറ്റ് സാമൂഹ്യമാധ്യമങ്ങളിലൊന്നും അക്കൗണ്ടില്ലെന്ന് ഞാനവരോട് പറഞ്ഞു. എങ്കിൽ അക്കൗണ്ടുകൾ തുടങ്ങരുതെന്ന് അവർ എന്നോട് പറഞ്ഞു. ഭയപ്പെടുത്തുന്ന തരം ഭീഷണികളാണ് സാമൂഹ്യമാധ്യമങ്ങളിൽ വരുന്നത്. പേടിപ്പിക്കുന്നതാണത്. വിധി പറഞ്ഞ ന്യായാധിപരുടെ സുരക്ഷയോർത്ത് തങ്ങൾ പലപ്പോഴും ഉറങ്ങിയില്ലെന്നും അവർ എന്നോട് പറഞ്ഞു.”

ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

എന്നാൽ ഭീഷണികൾക്കോ പൊതുവികാരമോ അടിസ്ഥാനപ്പെടുത്തി വിധിന്യായങ്ങൾ പുറപ്പെടുവിയ്ക്കുന്നതല്ല തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിധിന്യായത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

”വിമർശനം ഈ സംവിധാനത്തിലുണ്ടാകും. അതിനെതിരെ തോൾ വിരിച്ച് നിൽക്കണം. പക്ഷേ, എല്ലാവർക്കും അഭിപ്രായം പറയാനും അവകാശമുണ്ടാകണം.”

അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ നിന്ന് സ്ത്രീകളെ അകറ്റി നിർത്തുന്നത് തൊട്ടുകൂടായ്മ സമ്പ്രദായം പോലെയാണ്. അവരുടെ ഭരണഘടനാ അവകാശങ്ങൾ ഹനിക്കുന്നതുമാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

”വിധിന്യായത്തിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര ഭിന്ന വിധി എഴുതിയത് പോലെ, വിവിധങ്ങളായ കാഴ്ചപ്പാടുകളും ജുഡീഷ്യറിയിലുണ്ടാകും. അതിനെ തീർച്ചയായും ഞാൻ ബഹുമാനിക്കുന്നു. ഒരു സ്ത്രീയ്ക്ക് എങ്ങനെ സ്ത്രീകളുടെ അവകാശങ്ങൾ വേണ്ടെന്ന് പറയാനാകും എന്ന് എന്‍റെ ക്ലർക്കുമാരിൽ ചിലർ ചോദിച്ചു. സ്ത്രീകൾ ഇങ്ങനെ ചിന്തിക്കണമെന്നോ, പുരുഷൻമാർ ഇങ്ങനെ ചിന്തിക്കണമെന്നോ നമ്മൾ അല്ല തീരുമാനിക്കേണ്ടത്, അതല്ല ശരിയെന്നാണ് ഞാനവരോട് മറുപടിയായി പറഞ്ഞത്.”

ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.

2018 സെപ്തംബർ 28 – ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാബഞ്ച് സുപ്രധാനവിധി പുറപ്പെടുവിക്കുന്നത്. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര, ജസ്റ്റിസുമാരായ രോഹിൻടൺ നരിമാൻ, എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഢ് എന്നിവർ യുവതീപ്രവേശനം വേണമെന്ന് പറഞ്ഞപ്പോൾ ബഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മൽഹോത്ര യുവതീപ്രവേശനം കോടതിയല്ല തീരുമാനിക്കേണ്ടതെന്ന് വിധിയെഴുതിയത് ചർച്ചയായിരുന്നു.