കുടിയേറ്റക്കാരെ തടയാൻ അതിര്‍ത്തിൽ പാമ്പുകളെയും മുതലകളെയും ഇട്ട വെള്ളം നിറച്ച കിടങ്ങുകള്‍ നിർമ്മിക്കണം: ഡോണാള്‍ഡ് ട്രംപ്

single-img
2 October 2019

അമേരിക്കന്‍ ഐക്യനാടുകളിലേക്കുള്ള കുടിയേറ്റക്കാരെ തടയാന്‍ അതിര്‍ത്തിയില്‍ പാമ്പുകളെയും മുതലകളെയും ഇട്ട വെള്ളം നിറച്ച കിടങ്ങുകള്‍ നിര്‍മിക്കണമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. മാത്രമല്ല, അതിര്‍ത്തിയില്‍ വൈദ്യുതീകരിച്ച കൂര്‍ത്ത മുനമ്പുകള്‍ സ്ഥാപിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങിനെ ചെയ്‌താൽ അത് മനുഷ്യ മാംസത്തെ തുളച്ചെടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം ഓവല്‍ ഓഫീസിലെ വൈറ്റ് ഹൗസ് ഉപദേഷ്ടാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്. അതേപോലെത്തന്നെ കുടിയേറ്റക്കാരെ ശ്രദ്ധയില്‍പെട്ടാല്‍ അവരുടെ കാലിന് വെടി വെയ്ക്കാനും മെക്‌സിക്കോയുമായി ചേര്‍ന്നു നില്‍ക്കുന്ന 2000 മൈല്‍ വരുന്ന അതിര്‍ത്തി അടുത്ത ദിവസം തന്നെ അടയ്ക്കാനും ട്രംപ്ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂയോര്‍ക്ക് ടൈംസിൽ കഴിഞ്ഞ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ലേഖനം ഒക്ടോബര്‍ എട്ടിന് പ്രസിദ്ധീകരിക്കാന്‍ പോകുന്ന ന്യൂയോര്‍ക്ക് ടൈംസിലെ റിപ്പോര്‍ട്ടര്‍മാരായ മൈക്കിള്‍ ഷിയറും ജൂലീ ഹെര്‍ഷ്ഫീല്‍ഡ് ഡേവിസും ചേര്‍ന്ന് എഴുതിയ പുസ്തകത്തില്‍ നിന്നും എടുത്തതാണ്. യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി കെര്‍സ്‌ജെന്‍ നീല്‍സന്‍, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ മേധാവി കെവിന്‍ കെ മാക്അലീനാന്‍, വൈറ്റ് ഹൗസ് സഹായി സ്റ്റീഫന്‍ മില്ലര്‍ തുടങ്ങിയവരാണ് ട്രംപിന്റെ കൂടിക്കാഴ്ചയില്‍ അംഗങ്ങളായുണ്ടായിരുന്നത്.

യുഎസിൽ നിന്നും മുഴുവന്‍ കുടിയേറ്റക്കാരെയും ഒഴിപ്പിക്കുക എന്നതു മാത്രമാണ് പൂര്‍ണ പരിഹാരം എന്നും ട്രംപ് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.