കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ സമ്പന്നവും ശക്തവും; ചൈനയുടെ കുതിപ്പിനെ തടയാന്‍ ഒരു ശക്തിക്കുമാകില്ല: പ്രസിഡന്‍റ് സീ ജിങ്‍പിങ്

single-img
1 October 2019

ചൈന നടത്തുന്ന മുന്നോട്ടുള്ള കുതിപ്പിനെ തടയാന്‍ ലോകത്തെ ഒരു ശക്തിക്കുമാകില്ലെന്ന് പ്രസിഡന്‍റ് സീ ജിങ്‍പിങ്. ചൈന രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ എഴുപതാം വാർഷികമാഘോഷിക്കുന്ന വേളയിലാണ് സീ ജിങ്‍പിങിന്‍റെ പ്രസ്താവന വന്നിട്ടുള്ളത്. ഇതുവരെയുള്ള കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ ചൈന സമ്പന്നവും ഒപ്പം ശക്തവുമാണെന്നും പ്രസിഡന്‍റ് പറഞ്ഞു. നമ്മുടെ ശക്തിയെ ഒന്നിളക്കാന്‍ പോലും ഒരു ശക്തിക്കുമാകില്ല. ചൈനയിലെ ജനങ്ങളും രാജ്യവും മുന്നോട്ട് കുതിക്കുകയാണ്.

ഏഴുപത് വർഷം മുൻപ് ഇതേ ദിവസമാണ് മാവോ സേതൂങ് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന പിറന്നതായി ലോകത്തോട് പറഞ്ഞത്. ആ ദിവസമാണ് ചൈനയിലെ ജനങ്ങള്‍ ഉണര്‍ന്നെഴുന്നേറ്റത്. എല്ലായ്പ്പോഴും സമാധാനത്തിലൂടെയുള്ള വികസനത്തിന്‍റെ പാതയില്‍ ചൈന നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയുടെ സൈനിക ശക്തി വിളിച്ചോതുന്ന പ്രകടനങ്ങളുമായാണ് കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ എഴുപതാം വാർഷികം ആഘോഷിച്ചത്.

അതേസമയം ചൈനയിലെ സ്വയം ഭരണ പ്രവിശ്യയായ ഹോങ്‍കോങ് സ്വാതന്ത്ര്യപ്രക്ഷോഭത്തിൽ കത്തുകയാണ്.ചൈനയുടെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ എഴുപതാം വാർഷികവുമായി ബന്ധപ്പെട്ട് മേഖലയിൽ പതാകയുയർത്തൽ ചടങ്ങൾ ഉൾപ്പടെ നടന്നിരുന്നു. ചൈനീസ് തലസ്ഥാനമായ ബീജിംഗിൽ നടന്ന പ്രത്യേക ചടങ്ങിൽ ക്ഷണിക്കപ്പെട്ട 12,000 കാണികളുടെ മുന്നിൽ ചൈന സ്വന്തം സൈനിക ശക്തിയുടെ ഔന്നത്യം പ്രകടമാക്കി. 30 മിനിറ്റിൽ അമേരിക്കയിൽ പതിക്കാൻ ശേഷിയുള്ള, എട്ട് ആണവായുധങ്ങൾ വഹിക്കാൻ കഴിവുള്ള മിസൈൽ ഉൾപ്പെടെ അണിനിരത്തിയായിരുന്നു ശക്തിപ്രഖ്യാപനം.