പാര്‍ലമെന്റ് എന്നത് സര്‍ക്കാരിന്റെ പ്രഭാഷണം മാത്രം ശ്രദ്ധയോടെ കേട്ടിരിക്കാനുള്ള ഇടമല്ല; മോദിക്ക് മറുപടിയുമായി തരൂര്‍

single-img
1 October 2019

ഐഐടി-മദ്രാസില്‍ സംഘടിപ്പിക്കപ്പെട്ട സിംഗപ്പൂര്‍-ഇന്ത്യ ഹാക്കത്തോണില്‍ പങ്കെടുക്കവേ വിദ്യാര്‍ത്ഥികള്‍ രൂപകല്‍പ്പന ചെയ്ത പ്രത്യേക ക്യാമറ മോദിയെ ആകര്‍ഷിച്ചിരുന്നു. ക്ലാസ് റൂമുകളിൽ ശ്രദ്ധിക്കുന്നവരെയും അല്ലാത്തവരേയും കണ്ടെത്തുന്നതായിരുന്നു ക്യാമറ. മറ്റുള്ള കണ്ടുപിടുത്തങ്ങളേക്കാള്‍തന്നെ ആകര്‍ഷിച്ചത് ഈ ക്യാമറയാണെന്ന് പറഞ്ഞുകൊണ്ട് മോദി ഇത്തരമൊരു ക്യാമറ പാര്‍ലമെന്റിലും കൊണ്ടുവരുമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ, മോദിയുടെ ഈ പ്രഖ്യാപനത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എം പി ശശിതരൂര്‍.

തങ്ങൾക്കെതിരെയുള്ള വിമര്‍ശനങ്ങളേയും വെല്ലുവിളികളേയും നേരിടാന്‍ സ്വന്തം മന്ത്രിമാരെ താങ്കള്‍ ആദ്യം പരിശീലിപ്പിക്കൂ, അങ്ങിനെ എങ്കിൽ അത് നന്നാകുമെന്നുമായിരുന്നു തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്.‘താങ്കൾ പറഞ്ഞതുപോലെ ഇത്തരമൊരു കണ്ടുപിടുത്തം ഉപയോഗപ്രദമാകുമെന്ന് സമ്മതിക്കുന്നു. എന്നാൽ, നരേന്ദ്രമോദിജീ, വിമര്‍ശനങ്ങളേയും വെല്ലുവിളികളേയും നേരിടാന്‍ സ്വന്തം മന്ത്രിമാരെ താങ്കള്‍ ആദ്യം പരിശീലിപ്പിക്കൂ. പാര്‍ലമെന്റ് എന്നത് സര്‍ക്കാരിന്റെ പ്രഭാഷണം മാത്രം ശ്രദ്ധയോടെ കേട്ടിരിക്കാനുള്ള ഇടമല്ല’- – തരൂര്‍ ട്വിറ്ററില്‍ എഴുതി.

ക്ളാസുകളിൽ ആരാണ് ശ്രദ്ധിക്കുന്നതെന്ന് കണ്ടെത്താനുള്ള ക്യാമറകളെക്കുറിച്ചുള്ള കണ്ടുപിടുത്തം താന്‍ പ്രത്യേകം ഇഷ്ടപ്പെടുന്നുവെന്നും പാര്‍ലമെന്റില്‍ എത്തി സ്പീക്കറുമായി സംസാരിച്ച് ഇത്തരമൊരു ക്യാമറ അവിടെ സ്ഥാപിക്കുമെന്നുമായിരുന്നു മോദി പറഞ്ഞത്. മാത്രമല്ല, ഈ ക്യാമറ പാര്‍ലമെന്റില്‍ ഉപയോഗപ്രദമാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മോദി പറഞ്ഞിരുന്നു.