വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പാര്‍ട്ടിയല്ല സിപിഎം; മുല്ലപ്പള്ളിക്ക് മറുപടിയുമായി മുഖ്യമന്ത്രി

single-img
1 October 2019

കേരളത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ വട്ടിയൂർക്കാവിലും കോന്നിയിലും സിപിഎമ്മും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടത്തിയിട്ടുണ്ടെന്നും ഇതിനുള്ള തെളിവുകള്‍ കൈയിലുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പാര്‍ട്ടിയല്ല സിപിഎം മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. മുല്ലപ്പള്ളി നടത്തിയത് തരംതാണ നടപടിയാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. മലയാളത്തിലെ ഒരു ചാനലിലായിരുന്നു വോട്ടു കച്ചവട ‘വെളിപ്പെടുത്തൽ’ മുല്ലപ്പള്ളി നടത്തിയത്.

വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പിൽ ബിജെപി സിപിഎമ്മിനും കോന്നിയിൽ തിരിച്ച് സിപിഎം ബിജെപിക്കും വോട്ടു മറിക്കാൻ ധാരണയുണ്ടാക്കിയെന്നാണ് കോൺഗ്രസ് ആക്ഷേപിക്കുന്നത്. കഴിഞ്ഞ ദിവസം വട്ടിയൂർക്കാവിലെ യുഡിഎഫ് കൺവെൻഷനിൽ വച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആദ്യമായി ഈ ആരോപണം ഉന്നയിക്കുന്നത്.ഈ ആരോപണത്തിന് കോണ്‍ഗ്രസ്-ബിജെപി ബാന്ധവം എന്ന ആരോപണമുയര്‍ത്തി മുഖ്യമന്ത്രി മറുപടി നല്‍കിയതോടെ വിവാദം കത്തിക്കയറി.

ഇതിനെല്ലാം ഇടയിൽ, പരാജയഭീതി കൊണ്ടാണ് സിപിഎമ്മും കോൺഗ്രസ്സും പരസ്പരം ബിജെപി ബന്ധം ആരോപിക്കുന്നതെന്നായിരുന്നു ശ്രീധരൻപിള്ളയുടെ വിശദീകരണം. പാലായിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സിപിഎം-ബിജെപി ബന്ധം കോൺഗ്രസ് ആരോപിച്ചിരുന്നു.

ഇത്തവണ വട്ടിയൂർകാവിൽ കുമ്മനത്തെ മാറ്റി എസ് സുരേഷിനെ കൊണ്ടുവന്നതും കോന്നിയിൽ സുരേന്ദ്രൻ ഇറങ്ങിയതും ധാരണയുടെ ഭാഗമായെന്നാണ് കോൺഗ്രസ് ആക്ഷേപം.